ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയുടെ ഏപ്രിൽ മാസത്തെ അദ്ധ്യക്ഷ പദവി റഷ്യ ഇന്നലെ ഏറ്റെടുത്തു. റഷ്യയുടെ യു.എൻ അംബാസഡർ വാസിലി നെബെൻസ്യ ആണ് ഒരു മാസം സമിതിയുടെ അദ്ധ്യക്ഷൻ. ഓരോ മാസവും ഓരോ രാജ്യമാകും 15 അംഗ സമിതിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കുക. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് റഷ്യ അവസാനമായി അദ്ധ്യക്ഷ സ്ഥാനം വഹിച്ചത്. യുക്രെയിനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതും ഫെബ്രുവരിയിൽ ആയിരുന്നു. അതേ സമയം, യുക്രെയിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് റഷ്യ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. റഷ്യയെ തടയണമെന്ന് യുക്രെയിൻ ആവശ്യപ്പെട്ടെങ്കിലും സമിതിയിൽ സ്ഥിരാംഗമായ റഷ്യയെ തങ്ങൾക്ക് തടയാനാകില്ലെന്ന് യു.എസ് വ്യക്തമാക്കി. റഷ്യയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിനെ ഏപ്രിൽ ഫൂൾ ദിനത്തിലെ ഏറ്റവും മോശം തമാശയെന്നാണ് യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ വിശേഷിപ്പിച്ചത്. സമിതിയിൽ ആയുധ നിയന്ത്രണമുൾപ്പെടെ നിരവധി വിഷയങ്ങളിൽ സംവാദങ്ങൾ നടത്താൻ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്ന് അംബാസഡർ വാസിലി നെബെൻസ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |