തൃശൂർ: ശശീന്ദ്രന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നുള്ളതല്ലെന്നും വിഷം ഉള്ളിൽച്ചെന്നാണെന്നും ചികിത്സിച്ചിരുന്ന ഡോക്ടർമാർ ഞായറാഴ്ച തന്നെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇന്നലെ സംസ്‌കാരച്ചടങ്ങുകൾക്ക് പിന്നാലെ മയൂർനാഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. ഉച്ചയോടെ കസ്റ്റഡിയിൽ എടുത്തെങ്കിലും ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ മയൂർനാഥൻ തയ്യാറായിരുന്നില്ല. ഒടുവിൽ അച്ഛനോടും രണ്ടാനമ്മ ഗീതയോടുമുള്ള ശത്രുതയും സ്വത്ത് നഷ്ടപ്പെടുമെന്ന തോന്നലുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസിന് മൊഴി നൽകി. 15 വർഷം മുമ്പ് മയൂർനാഥിന്റെ അമ്മ ജീവനൊടുക്കിയിരുന്നു. വീടിന്റെ മുകൾനിലയിൽ മരുന്നുകളും മറ്റും തയ്യാറാക്കാൻ മയൂരനാഥ് ഒരു ലാബ് സജ്ജമാക്കിയിരുന്നു.
ഇവിടെവെച്ചാണ് വിഷം തയ്യാറാക്കിയതെന്നാണ് വിവരം. ഞായറാഴ്ച ശശീന്ദ്രന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കൾ സംസ്‌കാരത്തിന് വീട്ടിൽ ഒരുക്കം തുടങ്ങിയിരുന്നു. ഇതിനിടെ ഗീതയ്ക്ക് ഛർദ്ദി തുടങ്ങിയതോടെ മൃതദേഹമെത്തിച്ച ആംബുലൻസിൽത്തന്നെ ഗീതയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വിളക്കുവച്ച് മൃതദേഹം നിലത്ത് കിടത്തിയശേഷമാണ് തിരികെയെത്തിക്കാൻ മെഡിക്കൽ കോളേജിൽനിന്ന് നിർദ്ദേശം വന്നത്.
വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, സാമ്പാർ, കടലക്കറി എന്നിവ കഴിച്ചശേഷമാണ് എല്ലാവർക്കും അസ്വസ്ഥത തുടങ്ങിയത്. എല്ലാവരും രക്തം ഛർദ്ദിച്ചു. വിറയലുമുണ്ടായി. വായിൽനിന്ന് നുരയും പതയും വന്നു. സംഭവത്തിന് പിന്നാലെ ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ വീട്ടിലെത്തി തെളിവെടുത്തിരുന്നു. അടുത്തിടെ കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മയൂരനാഥ് പ്രത്യേകം തയാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്. മറ്റുള്ളവർ കഴിച്ച പ്രഭാതഭക്ഷണം മയൂരനാഥ് കഴിക്കാതിരുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തിലും പൊലീസിന് സംശയം തോന്നിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |