
വാഷിംഗ്ടൺ: മൈക്രോ ബ്ളോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ജനപ്രീതി നേടിയ പക്ഷിയെ മാറ്റി പട്ടിക്കുട്ടിയുടെ തല ലോഗോ ആക്കി. ഇതുൾപ്പെടെ ട്വിറ്ററിനെ അടിമുടി മാറ്റുന്ന പരിഷ്‌കാരങ്ങളാണ് ഇലോൺ മസ്‌ക് നടപ്പാക്കുന്നത്. ട്വിറ്ററിന്റെ മൊബൈൽ ആപ്പിൽ മാറ്റമില്ല.
ജനപ്രിയ ഡോജ് കോയിൻ (Dogecoin) എന്ന ക്രിപ്‌റ്റോ കറൻസിയുടെ ചിഹ്നമായ 'ഷിബ ഇനു" വർഗത്തിലെ നായയാണ് ട്വിറ്ററിന്റെ പുതിയ ലോഗോ.
ട്വിറ്റർ തുറക്കുമ്പോൾ സ്വാഗതം ചെയ്യുന്നത് നായയുടെ ചിത്രമാണ്. ട്വിറ്ററിന്റെ ഹോം പേജിലും പക്ഷിക്ക് പകരം നായയാണ്.
മുമ്പ് ഒരു ഉപഭോക്താവ് മസ്‌കിനോട് ട്വിറ്റർ വാങ്ങാനും പക്ഷിയെ മാറ്റി ഡോജ് ലോഗോ ആക്കാനും നിർദ്ദേശിച്ചിരുന്നു. അതിന്റെ സ്‌ക്രീന്‍ ഷോട്ട് വച്ച് 'വാക്കുപാലിച്ചു' എന്ന കുറിപ്പും മസ്‌ക് പങ്കുവച്ചു.
ഡോജ്‌കോയിൻ 2013ൽ തമാശരൂപേണ അവതരിപ്പിക്കപ്പെട്ട ക്രിപ്‌റ്റോ കറൻസിയാണ്. മസ്ക് ഈ കറൻസിയെ പിന്തുണയ്ക്കുന്ന ആളാണ് . ടെസ്ല ഡോജ് കോയിൻ ഇടപാടിന് മസ്‌ക് അംഗീകാരം നല്‍കിയിട്ടുണ്ട്. സ്‌പേസ് എക്‌സും താമസിയാതെ ഡോജ് കോയിൻ സ്വീകരിച്ചേക്കും.
ലോഗോ മാറ്റം ഡോജ് കോയിനുമായി ബന്ധപ്പെട്ടാണ് എന്നാണ് സൂചന. ഡോജ് കോയിന് പിന്തുണ നല്‍കുന്നതിന് മസ്‌കിനെതിരെ നടക്കുന്ന 25,800 കോടി ഡോളറിന്റെ കേസ് തള്ളണം എന്നാവശ്യപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ച് ദിവസങ്ങൾക്കകമാണ് ലോഗോ മാറ്റിയത്. ഇതോടെ, ഡോജ് കോയിന്റെ വില 20 ശതമാനത്തിലധികം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഒരു ഡോജ് കോയിൻ 7.91 ഇന്ത്യൻ രൂപയ്‌ക്ക് തുല്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |