
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ പതിനൊന്ന് സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നിർദ്ദേശിച്ചതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ. പേരുമാറ്റം കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. അരുണാചലിന്റെ ഭാഗങ്ങളെ ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്‌നാൻ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ചൈന പുതിയ പേരുകൾ നൽകിയത്. ഞായറാഴ്ചയാണ് ചൈനീസ് സിവിൽ അഫയേഴ്‌സ് മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അരുണാചലിൽ ചൈന ഇത്തരം ശ്രമം നടത്തുന്നത് ആദ്യമായല്ലെന്ന് പ്രതികരിച്ച വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി, നടപടി ഇന്ത്യ പൂർണ്ണമായും തള്ളുന്നെന്ന് പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതെന്നും അങ്ങനെയായിരിക്കും. പേരുകൾ നൽകാനുള്ള ശ്രമം ഈ യാഥാർത്ഥ്യത്തെ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അരുണാചലിലെ രണ്ട് പാർപ്പിട മേഖലകൾ, അഞ്ച് പർവത ശിഖരങ്ങൾ, രണ്ട് നദികൾ, രണ്ട് പ്രദേശങ്ങൾ എന്നിവയ്‌ക്ക് ചൈന അവരുടെ ഭൂമിശാസ്ത്രപരമായ നിയമങ്ങൾ അനുസരിച്ച് പുതിയ പേരിട്ടെന്ന് സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്‌തിരുന്നു. ചൈനീസ്, ടിബറ്റൻ, പിൻയിൻ ഭാഷകളിലായി പുറത്തിറക്കിയ ഉത്തരവിൽ ഏതൊക്കെ ജില്ലകളുടെ കീഴിലാണ് ഈ പ്രദേശങ്ങൾ വരുന്നതെന്നും വിശദീകരിക്കുന്നുണ്ട്.
അരുണാചൽ പ്രദേശ് ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമായ സാങ്‌നാൻ (ചൈനയുടെ ടിബറ്റിന്റെ തെക്കൻ ഭാഗം) ആണെന്നാണ് ചൈനയുടെ അവകാശവാദം. മാർച്ച് 24, 25 തീയതികളിൽ ജി20 ഉച്ചകോടിയുടെ ഭാഗമായി രണ്ടു ദിവസത്തെ സമ്മേളനത്തിന് അരുണാചലിന്റെ തലസ്ഥാനം ഇറ്റാനഗർ വേദിയായതിന് പിന്നാലെയാണ് ചൈനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.
2017ൽ, ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അരുണാചലിൽ സന്ദർശനം നടത്തിയതിന് പിന്നാലെ സമാനമായ നീക്കം ചൈന നടത്തിയിരുന്നു. 2021 ജനുവരിയിലും 15 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തു. അന്നും ചൈനയുടെ നടപടികളെ തള്ളിയ ഇന്ത്യ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിൽ മേഖലയുടെ പദവിയിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കിയതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |