ന്യൂഡൽഹി: മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി. സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊർജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മീഡിയവണിന്റെ ലൈസൻസ് നാലാഴ്‌ചയ്‌ക്കകം പുതുക്കിനൽകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. മീഡിയ വൺ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്‌തുതകൾ ഹാജരാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ജനുവരി 31നാണ് മീഡിയവണിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവച്ചതോടെ മീഡിയവൺ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |