കൊച്ചി: യൂണിഫോം ഏകീകരിക്കുന്നതിനുമപ്പുറം സ്കൂളുകളിൽ ലിംഗവിവേചനം ശക്തമാണെന്ന് പഠനറിപ്പോർട്ട്. ലിംഗസമത്വം ഉറപ്പാക്കുന്നതിൽ അദ്ധ്യാപകർ പോലും പ്രാധാന്യവും താല്പര്യവും കാണിക്കുന്നില്ല. ലിംഗസമത്വം ഉറപ്പാക്കാനും ലിംഗപദവി സംബന്ധിച്ച മുൻവിധികൾ ഇല്ലാതാക്കാനും അടിയന്തര നടപടി വേണമെന്ന് പഠനം ശുപാർശ ചെയ്തു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ (സി.എസ്.ഇ,എസ്) ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
പെൺകുട്ടികളെയും ആൺകുട്ടികളെയും സ്‌കൂൾ പരിസരത്ത് ഇടപഴകാൻ അദ്ധ്യാപകർ അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ വിവരിച്ചു. ഒരുമിച്ച് നടപ്പാക്കാനുള്ള ക്ലാസ് റൂം പ്രവർത്തനങ്ങൾ പരിമിതമാണ്. വിവിധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളെ ടീമുകളായി തിരിക്കുമ്പോഴും ആൺ -പെൺ വേർതിരിവുണ്ട്.
ബോർഡിൽ എഴുതുക, റെക്കാഡ് ബുക്കുകളും ഗൃഹപാഠവും ശേഖരിക്കുക എന്നിവയ്‌ക്ക് പെൺകുട്ടികളെ നിയോഗിക്കാറുണ്ട്. കമ്പ്യൂട്ടർ, സയൻസ് ലാബുകളിൽ ലാപ്‌ടോപ്പ്, പ്രൊജക്ടർ തുടങ്ങിയവ ഒരുക്കുക, ചാർട്ടുകളും ചോക്കും വാങ്ങുക തുടങ്ങിയ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ ആൺകുട്ടികളെയാണ് നിയോഗിക്കുക.
അദ്ധ്യാപകരെ ബോധവത്കരിക്കണം
അദ്ധ്യാപകരെ കൂടുതൽ ലിംഗസമത്വബോധമുള്ളവരാക്കാൻ സർക്കാർ മുൻകൈയെടുക്കണം. പെൺകുട്ടികളും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കാൻ അദ്ധ്യാപകരെ പ്രാപ്തരാക്കണം. കുട്ടികൾക്കുനേരെ ലൈംഗികാതിക്രമങ്ങളുണ്ടാകുന്ന സാഹചര്യം തിരിച്ചറിയാനും നേരിടാനും കഴിയുംവിധം അദ്ധ്യാപകരെ ബോധവത്കരിക്കണം. അനദ്ധ്യാപക ജീവനക്കാർക്കും പരിശീലനം നൽകണം.
യൂണിഫോമിന്റെ നിറം നിശ്ചയിക്കുകയും ഏതുതരത്തിലെ വസ്ത്രം വേണമെന്നത് കുട്ടികൾക്ക് വിട്ടുകൊടുക്കുന്നതുമാണ് നല്ലത്. അഭിഭാഷകരുടെ യൂണിഫോം ഇക്കാര്യത്തിൽ മാതൃകയാക്കാം.
അസമത്വം ഇങ്ങനെ
ആൺകുട്ടികളും പെൺകുട്ടികളും തമ്മിലെ ആശയവിനിമയം പരിമിതം
കർശനമായ ലിംഗഭേദ മാനദണ്ഡങ്ങളാണ് സൗഹൃദം നിർണയിക്കുന്നത്
ആൺകുട്ടികളും പെൺകുട്ടികളും വേർതിരിഞ്ഞാണ് സ്കൂളിലേക്ക് പോകുന്നത്
ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും ഇടപഴകൽ കുറവ്
ലിംഗമിശ്രിത ഗ്രൂപ്പുകൾ സ്കൂളുകളിൽ അപൂർവം
ആൺകുട്ടിയോ പെൺകുട്ടിയോ സൗഹാർദ്ദപരമായി പെരുമാറുന്നത് തെറ്റായിക്കണ്ട് ലിംഗഭേദ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കിക്കുന്നു
ശുപാർശകൾ
ലിംഗസമത്വം ഉറപ്പാക്കാൻ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പുതുക്കണം
അദ്ധ്യാപകർക്ക് പരിശീലനം നൽകണം
അടിസ്ഥാന സൗകര്യങ്ങളിലും ജെൻഡർ കാഴ്ചപ്പാട് വേണം
യൂണിഫോമിന് നിറം നിശ്ചയിച്ച് ഏത് വസ്ത്രമെന്നത് കുട്ടികൾക്ക് വിട്ടുകൊടുക്കണം
വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം
പാഠ്യപദ്ധതി ഉപദേശക സമിതി, പാഠ്യപദ്ധതി രൂപീകരണ കമ്മിറ്റി, പാഠപുസ്തക കമ്മിറ്റികൾ എന്നിവയിൽ ലിംഗ സംതുലനം ഉറപ്പാക്കണം
കൗമാരക്കാർക്കുള്ള കൗൺസലിംഗ് മെച്ചപ്പെടുത്തണം
''ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുന്ന സ്‌കൂളിൽ ലിംഗസമത്വത്തിൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) ഉൾപ്പെടുത്തണം.""
ഡോ. രാഖി തിമോത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |