പൂവാർ: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീടിന്റെ പൂട്ട് തകർത്ത് 40 പവൻ സ്വർണവും പതിനായിരം രൂപയും കവർന്നു. പുല്ലുവിള കിളിത്തട്ട് വിളാകം ഗോട്ടൽ ഭവനിൽ തദേയൂസിന്റെ വീട്ടിലാണ് കവർച്ച. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ, ഷാഡോ പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വാതിലിന്റെ പൂട്ട് പൊളിച്ച് വീട്ടിൽ കയറിയ മോഷ്ടാവ്, അലമാരയിലെ ലോക്കറിന്റെ പൂട്ട് പൊളിച്ചാണ് സ്വർണവും പണവും കവർന്നത്. സമീപത്തെ അലമാരകളിലും മേശകളിലും സൂക്ഷിച്ചിരുന്ന സാധനങ്ങൾ വലിച്ചുവാരി പുറത്തിട്ടിട്ടുണ്ട്.
ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ തദേയൂസും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പള്ളിയിൽ പോയിരുന്നു. ഏഴരയോടെ തിരികെയെത്തി. പിന്നീട് അരമണിക്കൂറിനു ശേഷം വീണ്ടും പള്ളിയിലെ നഗരി ചുറ്റികാണിക്കൽ ശുശ്രൂഷയിൽ പങ്കെടുക്കാൻ പോയി. ഇതിനിടെയാകം കവർച്ചയെന്നാണ് വീട്ടുകാർ പറയുന്നത്. തിരികെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവിന്റെ മണം പിടിച്ചു പൊലീസ് നായ കടന്നു പോയ വഴികളിൽ സി.സി ടി.വി കാമറയുണ്ട്. ഇവ പരിശോധിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫോട്ടോ: മോഷണം നടന്ന വീട് ഷാഡോ പൊലീസ് പരിശോധിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |