റാന്നി: പെരുനാട് കാർമൽ കോളേജിന് സമീപവും കോട്ടമലയിലും പശുക്കളെ കടിച്ചുകൊന്നു ഭീതി വിതച്ച കടുവയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ തണ്ണിത്തോട് പൂച്ചക്കുളത്തു നിന്നെത്തിച്ച കൂട് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എസ്.മനോജിന്റെ നേതൃത്വത്തിലാണ് കോട്ടമലയിൽ കടുവ പശുവിനെ കൊന്നിട്ട സ്ഥലത്ത് സ്ഥാപിച്ചത്. ഇതേ സ്ഥലത്തു കിടന്ന പശുവിന്റെ ജഡം കഴിഞ്ഞ ദിവസം കടുവ വലിച്ചിഴച്ചു കാടുമൂടിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കാർമൽ കോളേജിന് സമീപം ആദ്യം വളവനാൽ റെജിയുടെ പശുവിനെ കടുവ ആക്രമിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച രാത്രിയിൽ പെരുനാട് കോട്ടമലയിൽ മാമ്പറേത്ത് എബ്രഹാമിന്റെ (രാജൻ) നാലുമാസം ഗർഭിണിയായ പശുവിനെ കടിച്ചുകൊന്നു. രണ്ടുസ്ഥലത്തും വനം വകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. കോട്ടമലയിൽ പശുവിനെ മറവു ചെയ്യാതെ കാമറ ട്രാപ്പ് ഒരുക്കിയതിനാൽ അന്നുതന്നെ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു. കൂട് സ്ഥാപിച്ച ശേഷം പനയോലകൊണ്ട് മറച്ചു. കടുവ കയറാനായി കൂടിനുള്ളിൽ മാംസവും ഒരുക്കി വച്ചിട്ടുണ്ട്. അറവു മാംസം ഭക്ഷിക്കുന്നില്ലെങ്കിൽ ജീവനുള്ളവയെ ഇരയായി പരിഗണിക്കേണ്ടി വരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. റാന്നി റേഞ്ച് ഉദ്യോഗസ്ഥർക്ക് പുറമെ, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും, രാജാംപാറ ഫോറസ്റ് ഉദ്യോഗസ്ഥരും, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എസ്. ഗോപി, പെരുനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്യാം, എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |