SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.53 AM IST

കിഴക്കമ്പലത്തെ വാഴകളെ വേട്ടയാടി മാണപ്പുഴു

vazha
മാണപ്പുഴു ബാധയുള്ള വാഴത്തോട്ടം

കിഴക്കമ്പലം: മാണപ്പുഴു വാഴകളുടെ അന്തകനായതോടെ കിഴക്കമ്പലത്ത് കർഷകർ പ്രതിസന്ധിയിൽ. രോഗം പടരുന്നതിനൊപ്പം മാണം അഴുകുന്നതോടെ വാഴകൾ നിലംപൊത്തുകയാണ്.

നൂറുകണക്കിന് വാഴകളാണ് മേഖലയിൽ ദിവസവും രോഗബാധയിൽ നശിക്കുന്നത്. മലയിടംതുരുത്തിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഏക്കറുകണക്കിന് പ്രദേശത്തെ വാഴകൾനശിച്ചതായി കർഷകരായ സണ്ണി, എൽദോ, ജോയി എന്നിവർ പറഞ്ഞു. വാഴകളിൽ ഇലയുടെ ഭാഗത്തിന് മഞ്ഞ നിറം കാണപ്പെടുന്നതോടെയാണ് രോഗബാധ തിരിച്ചറിയുന്നത്. ഇതിനു മുമ്പെ വാഴയുടെ അടിഭാഗം അഴുകിയ നിലയിലായിട്ടുണ്ടാകും. അധികം വൈകാതെ വാഴകൾ മറിഞ്ഞു വീഴുകയും ചെയ്യും. ഇത്തരത്തിൽ ചെറുതും വലുതുമായുള്ള തോട്ടങ്ങളിലെ ഒട്ടേറെ വാഴകൾക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. വാഴകളിലെ രോഗബാധയെക്കുറിച്ച് പലർക്കും അറിവില്ലെന്നാണ് കർഷകർ തന്നെ പറയുന്നത്. ഇക്കാരണത്താൽ വീടുകളിൽ നട്ടു വളർത്തുന്ന വാഴകൾ പലതും രോഗം മൂലം നശിച്ചാലും ശ്രദ്ധിക്കാറില്ല. ഏക്കറുകണക്കിന് പ്രദേശത്ത് വാഴക്കൃഷി ചെയ്യുന്നവരാണ് പലപ്പോഴും ഈ രോഗത്തിന്റെ കാഠിന്യം തിരിച്ചറിയുന്നത്. കടുത്ത വേനലിൽ കൃഷിക്കാവശ്യമായ രൂക്ഷമായ ജലക്ഷാമം നേരിടുമ്പോഴാണ് കർഷകർക്ക് ഇടിത്തീയായി വാഴകളിലെ മാണപുഴുബാധയും മാണമഴുകലും തുടരുന്നത്. ഇതോടൊപ്പം വേരിൽ നിമാവിരയുടെ ശല്യവും ഇലയിലെ പട്ടയിടിച്ചിലും പോളചീയലും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിവിധി

രോഗബാധ കണ്ടെത്തിയാലുടൻ തന്നെ 2 ഗ്രാം കെസൈക്ലിൻ 20 ഗ്രാം ഫൈ​റ്റോലാൻഡ് എന്നിവ 10 ലിറ്റർ വെള്ളത്തിൽ കലർത്തി വാഴയുടെ ചുവട്ടിൽ രണ്ട് ലിറ്റർ വീതം ഒഴിക്കണം. ഇതു മാണമഴുകൽ തടയാൻ സഹായിക്കും. ഒരാഴ്ച കഴിഞ്ഞ് ഹിൽബാൻ കീടനാശിനി 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വാഴയുടെ ചുവട്ടിൽ മണ്ണ് കുതിർന്ന് കിടക്കത്തക്കവിധം ഒഴിക്കണം. സോലുബോർ 4 ഗ്രാം ഒരു ലി​റ്റർ വെള്ളത്തിൽ കലർത്തി ഇലയിലും തളിക്കണം. അഞ്ച് ദിവസത്തിനുശേഷം 13045 എന്ന വളം 5 ഗ്രാം വീതം ഒരു ലി​റ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലയിൽ തളിക്കണം. വാഴപ്പിണ്ടി നന്നായി നനയുന്ന തരത്തിലും ഇലക്കവിളിൽ തങ്ങി നിൽക്കുന്ന രീതിയിലും സിയോസി കോപ്പറോക്‌സി ക്ലോറൈഡ് മൂന്നു ഗ്രാം വീതം ഒരു ലി​റ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യണമെന്നും കൃഷിഭവൻ അധികൃതർ പറഞ്ഞു. ഇതിനു ശേഷം ഏഴുദിവസം കഴിഞ്ഞ് കുമ്മായവും തുടർന്ന് യൂറിയയും പൊട്ടാഷും ചേർത്ത് വാഴയുടെ ചുവട്ടിലിടണം.

വാഴകളുടെ

ചുവട് അഴുകി നശിച്ചു പോകുന്നതിന് കാരണം മാണപ്പുഴു ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മിനി, കൃഷി അസിസ്​റ്റന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FARMER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.