കോന്നി : മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗവ.മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. 24 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കാൽലക്ഷം പേർക്ക് പങ്കെടുക്കാനുള്ള പന്തലാണ് തയാറാക്കുന്നത്. ഉദ്ഘാടന പരിപാടിയുടെ സ്റ്റേജിന്റെയും പന്തലിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും,
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ പൊലീസ് ഒരുക്കുമെന്നും കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
സ്റ്റേജ് നിർമ്മിക്കാനുള്ള സ്ഥലം എം.എൽ.എയും പൊലീസ്, പൊതുമരാമത്ത് , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉൾപ്പടെയുള്ള വിവിധ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘവും സന്ദർശിച്ചു. മെഡിക്കൽ കോളജ് കാമ്പസിൽ അക്കാദമിക് ബ്ലോക്കിന് മുൻവശത്തായാണ് ഉദ്ഘാടനത്തിനായുള്ള സ്റ്റേജും പന്തലും തയാറാകുന്നത്. ഈ ഭാഗം നിരപ്പാക്കി തയ്യാറാക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം എൻ.എച്ച്.എമ്മിന്റെ നേതൃത്വത്തിൽ വിവധ കാമ്പയിനുമായി ബന്ധപ്പെട്ട് 15 വയസ് മുതൽ 55 വയസ് വരെയുള്ള സ്ത്രീകൾക്കായി ഹീമോഗ്ലോബിൻ സ്ക്രീനിംഗ് സംഘടിപ്പിക്കും. ഉദ്ഘാടന പരിപാടിയുടെ ലൈവ് സംപ്രേക്ഷണത്തിനായി മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ എൽ.ഇ.ഡി വാളുകൾ സ്ഥാപിക്കും. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, എച്ച്.എൻ.എൽ സീനിയർ പ്രോജക്ട് മാനേജർ ബി. ജീവ, ചീഫ് പ്രോജക്ട് മാനേജർ ആർ. രതീഷ് കുമാർ, കോന്നി ഡിവൈഎസ് പി രാജപ്പൻ റാവുത്തർ, പിഡബ്ല്യുഡി അസി.എൻജിനീയർ മെജോ, പബ്ലിസിറ്റി ചെയർമാൻ ശ്യാംലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |