തിരുവനന്തപുരം: സിംഗപ്പൂർ ഉപഗ്രഹവുമായി പി.എസ്.എൽ.വി സി-55 റോക്കറ്റ് നാളെ കുതിച്ചുയരുന്നത് ചരിത്രം രചിക്കാൻ കൂടിയാണ്. ബഹിരാകാശത്ത് ഒരു കുഞ്ഞു പരീക്ഷണശാല ഒരുക്കുകയാണ് ഐ.എസ്.ആർ.ഒ. ഉപഗ്രഹവിക്ഷേപണ ശേഷം ബഹിരാകാശത്ത് ഉപേക്ഷിക്കാറുള്ള റോക്കറ്റിന്റെ നാലാം ഭാഗത്തെയാണ് (പി.എസ്- 4) എക്സ്പെരിമെന്റൽ പ്ളാറ്റ്ഫോമാക്കുന്നത്.
പി.എസ്.എൽ.വി ഓർബിറ്റർ എക്സ്പെരിമെന്റർ മൊഡ്യൂൾ അഥവാ പോയം-2 എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തിൽ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളുടെ പരീക്ഷണ നിരീക്ഷണങ്ങളാണ് നടത്തുക. ഇതെല്ലാം നിയന്ത്രിക്കുക ഐ.എസ്.ആർ.ഒയുടെ ബെംഗളൂരിലെ കേന്ദ്രമായിരിക്കും. സ്പെയ്സ് സ്റ്റേഷൻ പോലെ പോയം-2വിൽ ആളുകളില്ലെന്നേയുള്ളു. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന ശേഷിയാണ് പ്രതീക്ഷ.
ബെല്ലാട്രിക്സ്, ധ്രുവ സ്പെയ്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയ്റോസ്പെയ്സ് എന്നിവയുടെ സഹായത്തോടെയാണ് പോയം 2 എന്ന നവീന ആശയം ഒരുക്കുന്നത്. 2021ൽ തൈബോൾട്ട്-1, തൈബോൾട്ട്- 2 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച സ്ഥാപനമാണ് ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് സംരംഭമായ ധ്രുവ് സ്പെയ്സ്.
നാളെ ഉച്ചയ്ക്ക് 2.19നാണ് പി.എസ്.എൽ.വി. സി-55 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ നിലയത്തിൽ നടക്കുക. വിക്ഷേപണം കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.
റോക്കറ്റിന്റെ ഘടകഭാഗങ്ങൾ ഒരിടത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിനുപകരം വ്യത്യസ്തഘട്ടങ്ങളുടെ ഘടകങ്ങൾ വ്യത്യസ്ത സ്ഥലത്ത് കൂട്ടിയോജിപ്പിച്ചു നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. വിക്ഷേപണത്തിനു തയ്യാറെടുക്കാൻവേണ്ട സമയം കുറയ്ക്കാൻ ഇതുവഴി കഴിയും.
സിംഗപ്പൂർ സർക്കാരും എസ്.ടി എൻജിനിയറിംഗും ചേർന്ന് നിർമ്മിച്ച 741കിലോഗ്രാം ഭാരമുള്ള ടെലിയോസ് -02 ഉപഗ്രഹവും സിംഗപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫോകോം റിസർച്ച്, സിംഗപ്പൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള സാറ്റലൈറ്റ് ടെക്നോളജി സെന്റർ എന്നിവ ചേർന്ന് വികസിപ്പിച്ച 16 കിലോഗ്രാം ഭാരമുള്ള ലൂംലൈറ്റ് -4 ഉപഗ്രഹവുമാണ് വിക്ഷേപിക്കുന്നത്. കാലാവസ്ഥാ പ്രവചനത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും വേണ്ട ഭൗമനീരിക്ഷണത്തിനാണ് ടെലിയോസ്-02 ഉപയോഗിക്കുക. മാരിടൈം സുരക്ഷാ സംവിധാനമൊരുക്കാനാണ് ലൂംലൈറ്റ് 4 ഉപഗ്രഹം.
പോയം - 2 ലാബ്
ലിഥിയം അയൺ ബാറ്ററി, നാല് സൺ സെൻസറുകൾ, ഒരു മാഗ്നോമീറ്റർ,ഡിറോസ്,നാവിക് സി എന്നിവയാണ് പോയം - 2 ലാബിലുള്ളത്
ബെല്ലാട്രിക്സ് നിർമ്മിച്ച സോളാർ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനത്തിന്റെ പരീക്ഷണവും പോയം-2 ലാബിൽ നടത്തും
നാലു ഭാഗങ്ങളുള്ള പി.എസ്.എൽ.വി റോക്കറ്റിൽ ആദ്യത്തെ മൂന്ന് ഭാഗങ്ങളിലും ഇന്ധനമാണ്. ഇത് എരിയുമ്പോഴാണ് റോക്കറ്റ് കുതിക്കുന്നത്
നാലാം ഭാഗമായ പി.എസ്- 4ൽ വിക്ഷേപിക്കാനുള്ള ഉപഗ്രഹമാണ്. നിർദ്ദിഷ്ട ഉയരത്തിലെത്തുമ്പോൾ കവാടങ്ങൾ തുറന്ന് ഉപഗ്രഹത്തെ പുറംതള്ളും
അതിന് ശേഷം പി.എസ്- 4നെ ബഹിരാകാശത്ത് ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തവണ പരീക്ഷണ വേദിയാക്കി മാറ്റുകയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |