കൊല്ലം: ചോദ്യം ചോദിക്കുന്നവരെ കേന്ദ്ര സർക്കാർ നിശബ്ദരാക്കുമ്പോൾ, ചോദ്യം ചോദിക്കൽ സമരമാർഗമായി മാറുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഡി.വെെ.എഫ്.ഐ കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച യംഗ് ഇന്ത്യ ആസ്ക് ദി പി.എം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരെങ്കിലും ചോദ്യം ചോദിച്ചാൽ മോദി സർക്കാർ അവരെ രാജ്യവിരുദ്ധരായി പ്രഖ്യാപിക്കുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസെടുത്ത് നിശബ്ദരാക്കുന്നു. ഈ ഘട്ടത്തിൽ യുവാക്കൾ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ഉയർത്തുകയാണ്. രണ്ട് കോടി ജനങ്ങൾക്ക് ഓരോ വർഷവും തൊഴിൽ നൽകുമെന്ന വാഗ്ദാനം നൽകിയാണ് മോദി സർക്കാർ അധികാരത്തിലേറിയത്. കഴിഞ്ഞ ഒൻപത് കൊല്ലത്തിനിടയിൽ എത്ര പേർക്ക് ജോലി നൽകി എന്നതാണ് പ്രധാന ചോദ്യം.
മോദി രണ്ടാമതും അധികാരത്തിൽ വരുന്നതിന് ഉപയോഗിച്ചത് പുൽവാമ സംഭവമാണ്. 40 ഇന്ത്യൻ ജവാന്മാരെ ചുട്ടുകൊന്നുവെന്ന് പാകിസ്ഥാനെ പ്രതിയാക്കി നാടാകെ പ്രചരിപ്പിച്ചു. എന്നാൽ അക്കാലത്ത് കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്ക് എന്ന ബി.ജെ.പിയുടെ മുൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലോകം ഞെട്ടുന്ന സത്യം അടുത്തിടെ വിളിച്ചുപറഞ്ഞു. 40 സൈനികർ വീരമൃത്യു വരിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോദി അടക്കമുള്ളവർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താൻ മോദി തയ്യാറാകണം. ഡി.വെെ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |