#മോക്ഡ്രിൽ ഇന്ന്
ഇടുക്കി/ തിരുവനന്തപുരം:അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ദൗത്യസംഘത്തിന് നിർദ്ദേശം നൽകി വനം വകുപ്പ്. കാലാവസ്ഥ അനുകൂലമെങ്കിൽ വെള്ളിയാഴ്ച്ച ആനയെ പിടി കൂടും.അതിന് ശേഷം കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചാൽ മതിയെന്ന തീരുമാനത്തിന് മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി അനുമതി നൽകി. ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് മോക്ക്ഡ്രിൽ നടത്തും. .ദൗത്യസംഘവുമായുള്ള ചർച്ചയിലാണ് വനംവകുപ്പ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്. പെരിയാർ വന്യജീവി സങ്കേതവും അഗസ്ത്യാർകൂട വനമേഖലയുമാണ് പരിഗണിക്കുന്ന പ്രധാന ഇടങ്ങൾ. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ, മോട്ടോർ വാഹന വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രില്ലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നൽകും. ദൗത്യ മേഖലയ്ക്ക് സമീപമാണ് അരികൊമ്പൻ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നത്. 301 കോളനിയിലുള്ള സൂര്യൻ, സുരേന്ദ്രൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളെ മോക്ഡ്രില്ലിനായി ഇന്ന് പദ്ധതി നടപ്പിലാക്കാൻ നിശ്ചയിച്ച സിമന്റുപാലത്തെത്തിക്കും. ദൗത്യ സംഘത്തിന്റെ തലവനായ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ ഇന്ന് രാവിലെ മൂന്നാറിലെത്തുമെന്നാണ് വിവരം. നിലവിലെ പ്രധാന തടസം ഉച്ചയ്ക്ക് ശേഷമെത്തുന്ന മഴയാണ്. ഇതടക്കം പരിഗണിച്ചാകും ഓപ്പറേഷൻ . തടസങ്ങളെല്ലാം നീങ്ങിയാൽ വെള്ളിയോ ശനിയോ രാവിലെ നാലിന് ആനയെ മാറ്റുന്ന ദൗത്യം ആരംഭിക്കും. . ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ആനയെ മാറ്റേണ്ട സ്ഥലം സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. എവിടേക്ക് മാറ്റാനാണ് തീരുമാനമെന്ന വിവരം പ്രതിഷേധം ഭയന്ന് പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |