ലക്‌നൗ: മാനനഷ്‌ടക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കാത്തതിന് പിന്നാലെ ലക്‌നൗ കോടതിയിലും രാഹുൽ ഗാന്ധിയ്‌ക്ക് തിരിച്ചടി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ അന്വേഷണത്തിന് ലക്‌നൗ കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം പൊലീസ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്.
മുംബയിൽ ഭാരത് ജോഡോ യാത്രാ സമയത്താണ് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ മാപ്പപേക്ഷ കത്തുകൾ ബ്രിട്ടീഷ് സർക്കാരിന് എഴുതിക്കൊണ്ടേയിരുന്നതായും അദ്ദേഹം ഭീരുവാണെന്നുമായിരുന്നു രാഹുൽ പ്രസംഗിച്ചത്.
അതേസമയം മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ ശിക്ഷാ വിധിയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ഇന്ന് ഇടക്കാല സ്റ്റേ അനുവദിച്ചില്ല. കേസിൽ കോടതി അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്ന കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി മേൽക്കോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധിയുടെ അപ്പീൽ കോടതി വേനലവധിയ്ക്ക് ശേഷം വിധി പറയാൻ മാറ്റി. രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ കഴിഞ്ഞ 29ന് പരിഗണിച്ച കോടതി കേസ് മേയ് രണ്ടിലേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |