ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ താരം ശരത് ബാബു (71) മരിച്ചതായി അഭ്യൂഹം. ഇന്നലെ രാത്രിയോടെ സോഷ്യൽ മീഡിയയലൂടെ മരണ വാർത്ത വ്യാപകമായി പ്രചരിക്കുകയായിരുന്നു. തുടർന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു. ഇതോടെ സിനിമാ മേഖലയിലുള്ള ചിലർ അനുശോചനവും രേഖപ്പെടുത്തി. ഒടുവിൽ ശരത് ബാബു സുഖമായിരിക്കുന്നുവെന്ന് സ്ഥിരീകരിച്ച് സഹോദരി പി.ആർ. വംശി കക്ക തന്നെ രംഗത്ത് എത്തി. ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നും ട്വിറ്ററിലൂടെ വംശി അറിയിക്കുകയായിരുന്നു.
ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലാണ് നടൻ. ഏപ്രിൽ 20നാണ് കരളിലും വൃക്കയിലും അണുബാധയെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.
സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു. 1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്നത്.
തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ശരത് ബാബു. 1973ൽ സിനിമയിലെത്തിയ ശരത് ബാബു 200ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |