ബെൽഗ്രേഡ്: സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ എട്ട് കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സ്കൂളിലെ അദ്ധ്യാപികയ്ക്കും ആറ് കുട്ടികൾക്കും പരിക്കേറ്റു. സ്കൂളിലെ വിദ്യാർത്ഥിയായ 13കാരനാണ് വെടിവയ്പ് നടത്തിയത്. 13ഉം 14ഉം വയസുള്ള കുട്ടികളാണ് മരിച്ചത്. ഏഴു പേർ പെൺകുട്ടികളാണ്. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.10ന് മദ്ധ്യ വ്രാചാർ ജില്ലയിലെ വ്ലാഡിസ്ലാവ് റിബ്‌നികർ എലിമെന്ററി സ്കൂളിലാണ് സംഭവം. ഏഴാം ഗ്രേഡിൽ പഠിക്കുന്ന 13കാരൻ ക്ലാസിൽ വച്ച് അദ്ധ്യാപികയ്ക്കും മറ്റ് കുട്ടികൾക്കും നേരെ വെടിവയ്ക്കുകയായിരുന്നു. കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണം നടത്തിയ ഉടൻ കുട്ടി തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. പിതാവിന്റെ തോക്കാണ് കുട്ടി ഉപയോഗിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അതേ സമയം, വെടിവയ്പ് നടത്താനുള്ള പദ്ധതി ഒരു മാസം മുന്നേ തന്നെ തയ്യാറാക്കിയിരുന്നെന്നും ഏതൊക്കെ കുട്ടികളെയും ക്ലാസുകളെയും ലക്ഷ്യം വയ്ക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇത് വിവരിക്കുന്ന ഒരു ലിസ്റ്റ് പൊലീസ് കണ്ടെത്തി. ആക്രമണത്തിൽ അനുശോചിച്ച് രാജ്യത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ശക്തമായ തോക്ക് നിയമങ്ങളുള്ള സെർബിയയിൽ കൂട്ടവെടിവയ്പുകൾ താരതമ്യേന കുറവാണ്. എന്നാൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ പേർക്ക് തോക്ക് ഉടമസ്ഥാവകാശമുള്ള രാജ്യങ്ങളിലൊന്നാണ് സെർബിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |