ദുബായ്: ഹോർമൂസ് കടലിടുക്കിൽ പനാമ രജിസ്ട്രേഷനോട് കൂടിയ എണ്ണ കപ്പൽ ഇറാൻ പിടിച്ചെടുത്തെന്ന് യു.എസ്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഇന്നലെ ഇന്ത്യൻ സമയം രാവിലെ 7.50നാണ് ' നിയോവി ' എന്ന കപ്പൽ പിടിച്ചെടുത്തതെന്ന് ബഹ്റൈൻ ആസ്ഥാനമായുള്ള യു.എസ് നേവിയുടെ ഫിഫ്ത്ത് ഫ്ലീറ്റ് അറിയിച്ചു.ഒരു പരാതിയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ജുഡിഷ്യൽ ഉത്തരവ് പ്രകാരമാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിൽ നിന്ന് യു.എ.ഇയിലെ ഫുജൈറ തുറമുഖം ലക്ഷ്യമാക്കി നീങ്ങിയ കപ്പലിനെ ഇറാൻ നേവി ബോട്ടുകൾ ഇറാന്റെ സമുദ്ര ഭാഗത്തേക്ക് വഴിതിരിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഗ്രീസ് ആസ്ഥാനമായുള്ള സ്മാർട്ട് ടാങ്കേഴ്സിന്റെ നിയന്ത്രണത്തിലുള്ളതാണ് കപ്പൽ. കഴിഞ്ഞ വ്യാഴാഴ്ച 24 ഇന്ത്യൻ ജീവനക്കാരുമായി കുവൈറ്റിൽ നിന്ന് യു.എസിലെ ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ' അഡ്വാന്റേജ് സ്വീറ്റ് " എണ്ണ കപ്പൽ ഒമാൻ ഉൾക്കടലിൽ വച്ച് ഇറാൻ പിടിച്ചെടുത്തിരുന്നു. അഡ്വാന്റേജ് സ്വീറ്റ് നിലവിൽ ബന്ദാർ അബ്ബാസ് തീരത്ത് ഇറാനിയൻ അധികൃതരുടെ പിടിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |