ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര സർക്കാരിനോട് സഹായം തേടി ബോക്സിംഗ് താരം മേരികോം. 'എന്റെ സംസ്ഥാനം കത്തുകയാണ്. ദയവായി സഹായിക്കണം.'- എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംഘർഷത്തിന്റെ ചിത്രങ്ങൾ സഹിതം മേരികോം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് മേരി കോം ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായി സംസാരിക്കുകയും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
My state Manipur is burning, kindly help @narendramodi @PMOIndia @AmitShah @rajnathsingh @republic @ndtv @IndiaToday pic.twitter.com/VMdmYMoKqP
— M C Mary Kom OLY (@MangteC) May 3, 2023
സംഘർഷം നിലനിൽക്കുന്ന ഇംഫാൽ, കാങ്‌പോക്പി അടക്കമുള്ള സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സംഘർഷമുള്ളയിടങ്ങളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിർദേശത്തിനെതിരെയാണ് ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്. ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ (എടിഎസ്എം) ഇന്നലെ ആഹ്വാനം ചെയ്ത ഗോത്ര സോളിഡാരിറ്റി മാർച്ചിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാർ നിരവധി വീടുകളും, വനംവകുപ്പിന്റെ ഓഫീസുകളുമൊക്കെ തീയിട്ട് നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |