ലണ്ടൻ: ചീസ് ബർഗറിനുള്ളിൽ എലിയുടെ കാഷ്ഠം കണ്ടെന്ന ഉപഭോക്താവിന്റെ പരാതിയിൽ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്‌സിന് അഞ്ച് ലക്ഷം പൗണ്ട് പിഴ വിധിച്ചു. ഏകദേശം അഞ്ച് കോടിയിലധികം രൂപയാണ് പിഴ അടയ്ക്കേണ്ടത്. ലണ്ടനിലാണ് സംഭവം.
2021ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കിഴക്കൻ ലണ്ടനിലെ ലെയ്‌ടൺസ്റ്റോണിലെ ഡ്രൈവ് ഇൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചയാൾക്കാണ് ബർഗർ റാപ്പിനുള്ളിൽ നിന്ന് എലിയുടെ കാഷ്ഠം കിട്ടിയത്. ഇയാൾ നൽകിയ പരാതിയെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ, വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് വ്യക്തമായി. ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കുന്ന സ്ഥലത്ത് ചത്ത എലിയുടെ അവശിഷ്ടങ്ങളും കാഷ്ഠവും കണ്ടെത്തി. തുടർന്ന് റെസ്റ്റോറന്റ് പൂട്ടിച്ചു.
ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് മക്‌ഡൊണാൾഡ്‌സിന് 4,75,000 പൗണ്ട് (4.8 കോടി രൂപ) പിഴ ചുമത്തി. 22,000 പൗണ്ട് (ഏകദേശം 22.6 ലക്ഷം രൂപ) നിയമച്ചെലവിലേയ്ക്ക് അടയ്ക്കണം. 190 പൗണ്ട് (19,537 രൂപ) സർചാർജ് നൽകാനും കോടതി ഉത്തരവിട്ടു. മക്‌ഡൊണാൾഡ്‌സിൽ നിന്ന് ഉപഭോക്താക്കൾ ഉയർന്ന നിലവാരത്തിലുള്ള ശുചിയായ ഭക്ഷണം പ്രതീക്ഷിക്കുന്നുണ്ടെന്ന് ജില്ലാ ജഡ്ജി സൂസൻ ഹോൾഡ്‌ഹാം അഭിപ്രായപ്പെട്ടു.
സംഭവത്തിൽ കമ്പനി ക്ഷമാപണം നടത്തിയതായി മക്‌ഡൊണാൾഡ്‌സ് വക്താവ് പറഞ്ഞു. ആരോഗ്യം, സുരക്ഷ, ശുചിത്വം എന്നിവയുടെ കാര്യത്തിൽ മക്‌ഡൊണാൾഡ്‌സ് ഉയർന്ന നിലവാരം പാലിക്കുന്നുണ്ട്. എന്നാൽ പരാതിക്ക് അടിസ്ഥാനമായ സംഭവത്തിൽ കമ്പനിയുടെ ഭാഗത്ത് പിഴവ് സംഭവിച്ചുവെന്നും വക്താവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |