ന്യൂയോർക്ക്: ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ച് യു.എസ്. തലച്ചോറിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറായ വെയ്‌ൻ ഒഫ് ഗാലൻ മാൽഫോർമേഷൻ എന്ന അപൂർവ അവസ്ഥ പരിഹരിക്കാൻ ലൂസിയാന സ്വദേശികളായ ഡെറിക് - കെൻയാറ്റ ദമ്പതികളുടെ പെൺ കുഞ്ഞിനായിരുന്നു ശസ്ത്രക്രിയ.
ലോകത്ത് ആദ്യമായാണ് ഈ അവസ്ഥയിലുള്ള ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത്. മാർച്ച് 15ന് നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റേഡിയോളജിസ്റ്റായ ഡോക്ടർ ഡേരൻ ഓർബാഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കുഞ്ഞിന് 34 ആഴ്ചയാണ് വളർച്ചയുള്ളത്.
30-ാം ആഴ്ചയിൽ അൾട്രാസൗണ്ട് പരിശോധനയയ്ക്കിടെയാണ് തകരാറ് കണ്ടെത്തിയത്. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരുന്നു. പ്രസവശേഷം ജീവൻ നഷ്ടമാകാനുള്ള സാദ്ധ്യതയും ഏറെയായിരുന്നു.
തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളുടെ വികാസം ശരിയല്ലാതെ വന്നാൽ കുഞ്ഞുങ്ങളിൽ ഹൃദയത്തിനും തലച്ചോറിനും മറ്റ് അവയവങ്ങൾക്കും പ്രശ്നങ്ങളുണ്ടാകാം. ഇത് മരണത്തിലേക്കും നയിച്ചേക്കാം.
കുഞ്ഞ് മാർച്ച് 17ന് പൂർണ ആരോഗ്യത്തോടെ ജനിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡെൻവർ എന്ന് പേരിട്ട കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. മരുന്നുകളും നൽകുന്നില്ല. മറ്റ് പല രോഗാവസ്ഥകൾക്കും ഇതിന് മുമ്പ് ഗർഭസ്ഥശിശുക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |