കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചവറ പാലം പൊളിച്ച് മൂന്നു വരിയുള്ള രണ്ട് പുതിയ പാലങ്ങൾ നിർമ്മിക്കും. ഇതിനുള്ള ശുപാർശ ദേശീയപാത വിഭാഗം പ്രോജക്ട് ഓഫീസ്, ഹെഡ് ക്വാർട്ടേഴ്സിന് കൈമാറി.
കാര്യമായ ബലക്ഷയം ഇല്ലാത്ത ചവറ പാലം നിലനിറുത്തിക്കൊണ്ടായിരുന്നു ദേശീയപാത വികസനത്തിന്റെ നിലവിലെ രൂപരേഖ. നിലവിലെ പാലത്തിന്റെ വലത് വശത്തായി മൂന്ന് വരി പാലമാണ് രൂപരേഖയിൽ ഉണ്ടായിരുന്നത്. പുതിയ മൂന്നുവരി പാലത്തിലൂടെ ഒരു ദിശയിലേക്കുള്ള ഗതാഗതവും നിലവിലെ പാലത്തിലൂടെ മറുദിശയിലേക്കുമായിരുന്നു ആലോചന. പുതിയ പാലത്തിനായി പൈലിംഗ് നടക്കുമ്പോഴോ ഭാവിയിലോ ഇപ്പോഴത്തെ പാലത്തിന് ബലക്ഷയ സാദ്ധ്യത ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻ തീരുമാനിച്ചത്.
72 വർഷം പഴക്കം
ദേശീയ ജലപാതയിലുള്ള ചവറ പാലത്തിന്റെ നിർമ്മാണം 1951ലാണ് പൂർത്തിയായത്. അന്ന് തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി. കേശവനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഏഴ് മീറ്റർ വീതിയും 45 മീറ്റർ നീളവുമുണ്ട്. കേരളത്തിൽ ഏറ്റവും പഴക്കമുള്ള ആർച്ച് പാലങ്ങളിൽ ഒന്നാണിത്. ആർച്ചിന്റെ മുകളിലത്തെ ബീമിന് ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ ഉയരമുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാകില്ല. ഇത്തരം വാഹനങ്ങൾ ബീമിൽ തട്ടി പലപ്പോഴും ഗതാഗത സ്തംഭനവും ഉണ്ടാകാറുണ്ട്. വലിയ വാഹനങ്ങൾ ശാസ്താംകോട്ട വഴി എം.സി റോഡിലെത്തിയാണ് തിരുവന്തപുരം ഭാഗത്തേക്കും തിരിച്ചും പോകുന്നത്. പുതിയ പാലം വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |