തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എം.വി ഗോവിന്ദനെതിരെയും ഭാര്യ പി.കെ ശ്യാമളയ്‌ക്കുമെതിരെ ആത്മഹത്യപ്രേരണകുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. നഗരസഭയിലെ നാല് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് ഫയൽ മടക്കുന്നത് ആ കമ്യൂണിസ്റ്റ് കുടുംബത്തോട് കാണിക്കുന്ന നെറികേടാണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആന്തൂർ സംഭവത്തിലെ യഥാർത്ഥ കുറ്റവാളി എം.വി ഗോവിന്ദനും ഭാര്യ ശ്യാമളയുമാണെന്ന് ആദ്യദിവസം തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസം കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. സാജനെ ജീവിതകാലം മുഴുവൻ കറവപ്പശുവായി ഉപയോഗിച്ച സി.പി.എം നേതാക്കളിൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈ നിമിഷം വരെ പാർട്ടിയെ തള്ളിപ്പറയാത്ത ആ കുടുംബത്തിന് നീതി ലഭ്യമാക്കാൻ മുന്നോട്ടുവരണം. നീതി ലഭിക്കില്ലെന്നുറപ്പായാൽ ഈ സംഭവം ഏതെങ്കിലും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സന്തപ്ത കുടുംബാംഗങ്ങൾ ഉന്നത നീതിപീഠത്തെ സമീപിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആന്തൂർ സംഭവത്തിലെ യഥാർത്ഥ കുറ്റവാളി എം. വി. ഗോവിന്ദനും ഭാര്യ ശ്യാമളയുമാണെന്ന് ആദ്യദിവസം തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസം കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. ചില ചാനലുകൾ ഗോവിന്ദന്റെ പേര് പറഞ്ഞതുകൊണ്ട് ആ വാർത്ത കൊടുക്കാൻ പോലും തയ്യാറായില്ല. ഇന്നിപ്പോൾ എല്ലാ ചാനലുകളിലും ജയിംസ് മാത്യു എം. എൽ. എ സി. പി. എം യോഗത്തിൽ സമാനമായ ആരോപണം ഉന്നയിച്ചതായി വാർത്ത കൊടുക്കുന്നുണ്ട്. ആന്തൂർ സംഭവം സംബന്ധിച്ച കേസ്സന്വേഷണം ആത്മാർത്ഥമായി മുന്നോട്ടുപോകണമെങ്കിൽ എം. വി. ഗോവിന്ദനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്സെടുക്കണം. അല്ലാതെ നാലു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് ഫയൽ മടക്കുന്നത് ആ കമ്യൂണിസ്റ്റ് കുടുംബത്തോട് കാണിക്കുന്ന നെറികേടാണ്. സാജനെ ജീവിതകാലം മുഴുവൻ കറവപ്പശുവായി ഉപയോഗിച്ച സി. പി. എം നേതാക്കളിൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈ നിമിഷം വരെ പാർട്ടിയെ തള്ളിപ്പറയാത്ത ആ കുടുംബത്തിന് നീതി ലഭ്യമാക്കാൻ മുന്നോട്ടുവരണം. നീതി ലഭിക്കില്ലെന്നുറപ്പായാൽ ഈ സംഭവം ഏതെങ്കിലും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സന്തപ്ത കുടുംബാംഗങ്ങൾ ഉന്നത നീതിപീഠത്തെ സമീപിക്കണം. വൈകിപ്പോയാൽ ആ കാരണം പറഞ്ഞ് നമ്മുടെ കോടതികളും ഇക്കാര്യത്തിൽ ഇടപെടാൻ മടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |