റാന്നി : പെരുനാട് കോട്ടമലയിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ പശു ചത്തു. കഴിഞ്ഞ ഏപ്രിൽ ആറിന് കടുവയുടെ ആക്രമണത്തിൽ പശു ചത്ത മാമ്പ്രത്ത് എബ്രഹാമിന്റെ (രാജൻ) ഗർഭിണി പശുവാണ് ഇത്തവണ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തോട്ടത്തിൽ പശുക്കളെ തീറ്റുന്നതിനിടെ മഴ ചാറിയപ്പോൾ എബ്രഹാം വീട്ടിലേക്ക് പോയി, തിരികെ വന്നപ്പോൾ പശുവിനെയും ഒരു കിടാവിനെയും കാണാതാവുകയായിരുന്നു. സന്ധ്യ കഴിയുംവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തോട്ടത്തിൽ ജോലിക്കുപോയ തൊഴിലാളിയാണ് കോട്ടമല വിളക്കുപാറയ്ക്ക് പോകുന്ന വഴിയിലെ തോട്ടത്തിൽ പശുവിന്റെ ജഡം കണ്ടത്. കിടാവിനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവരം അറിയിച്ചതിനെ തുടർന്ന് രാജാമ്പാറ ഫോറസറ്റ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെച്ചൂച്ചിറ, നാറാണംമൂഴി മൃഗാശുപത്രികളിലെ വെറ്റിനറി ഡോക്ടർമാരായ ആനന്ദ് ആർ കൃഷ്ണൻ, റംസിമോൾ സജി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. പശുവിന്റെ കഴുത്തിൽ ആഴമേറിയ മുറിവ് കണ്ടെത്തി. ഗർഭപാത്രവും അകിടും ഉൾപ്പടെ ഭക്ഷിച്ച നിലയിലായിരുന്നു. കടുവയുടെ ആക്രമണം ഉണ്ടായ സ്ഥലത്തു വനംവകുപ്പ് കൂട് സ്ഥാപിച്ച് പശുവിന്റെ ജഡം കൂടിനുള്ളിലേക്ക് മാറ്റി.
ഇനിയും കടുവ ഇരതേടി വരുമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
മുമ്പ് ഇവിടെ കടുവ എത്തിയതിന്റെ ചിത്രം വനംവകുപ്പിന്റെ കാമറയിൽ തെളിഞ്ഞിരുന്നു.
ഇത്തവണ കടുവയെ കൂട്ടിൽ അകപ്പെടുത്താം എന്ന പ്രതീക്ഷയാണുള്ളത്. പൂർണ ഗർഭിണിയായ പശുവാണ് കൊല്ലപ്പെട്ടത്.
വനംവകുപ്പ് അധികൃതർ
മൂന്ന് ആക്രമണങ്ങൾ
3 - 4 - 2023
കുളത്തുംനിരവേൽ ഭാഗത്ത് വളവനാൽ റെജിയുടെ ഗർഭിണി പശു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പശുവിന്റെ വയറുകീറി കിടാവിനെ ഭക്ഷിച്ച നിലയിലായിരുന്നു.
5 - 4 - 2023
മാമ്പ്രത്ത് എബ്രഹാമിന്റെ (രാജൻ) ഗർഭിണി പശു കടുവയുടെ ആക്രമണത്തിൽ ചത്തു.
9 - 5 - 2023
മാമ്പ്രത്ത് എബ്രഹാമിന്റെ (രാജൻ) ഗർഭിണി പശു കടുവയുടെ ആക്രമണത്തിൽ ചത്തു. ഒരു കിടാവിനെയും കാണാതായി.
രാജന് അസ്വസ്ഥത
ഓമനിച്ചു വളർത്തിയ പശുക്കൾ രണ്ടാമതും കടുവയുടെ അക്രമണത്തിൽ കൊല്ലപ്പട്ടത് രാജന് സഹിക്കാവുന്നതിലും അപ്പുറമാണ്. കടുവ കടിച്ചു കീറിയ തള്ളപ്പശുവിൻറെ ജഡം കണ്ടതോടെ അസ്വസ്ഥത ഉണ്ടാവുകയായിരുന്നു.
പെരുനാട് മേഖലയിൽ ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. കഴിഞ്ഞ മാസവും കടുവ ഇറങ്ങി രണ്ട് പശുക്കളെ കൊന്നിരുന്നു. തുടർന്ന് പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തതാണ്.
: അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ
കടുവയുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങൾ
പെരുനാട് ബഥനി പുതുവേൽ , കോളാമല, നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗങ്ങൾ.
കൂടും ഡ്രോണും ഫലം കണ്ടില്ല
നേരത്തെ കടുവയെ കുടുക്കാൻ കൂട് വച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തി. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് ഒരുമാസത്തോളം കടുവയുടെ സാന്നിദ്ധ്യം ഉണ്ടായില്ല. കാടുകയറി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി കടുവ പശുവിനെ കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |