തിരുവനന്തപുരം: ഊരിപ്പിടിച്ച വാൾ ഉറയിലിട്ട് പിന്മാറുന്ന പാരമ്പര്യമില്ലാത്ത ലീഡർ കെ. കരുണാകരന്റെ മകനാണ് കെ. മുരളീധരനെന്ന് ഓർമ്മിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആ പാരമ്പര്യമുൾക്കൊണ്ട് പാർട്ടിയേല്പിച്ച വിശ്വാസത്തിൽ നിന്ന് ഒരിക്കലും പിന്നോട്ട് മാറില്ലെന്ന് കെ. മുരളീധരന്റെ ഉറപ്പ്.
വയനാട്ടിൽ ലീഡേഴ്സ് മീറ്റിന്റെ സമാപനദിവസമാണ് ഉദ്‌ബോധനവും മനംമാറ്റവും കോൺഗ്രസ് നേതൃനിരയിൽ ദൃശ്യമായത്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാനാവശ്യമായ മിഷൻ 2024 അവതരിപ്പിക്കവേ, പ്രതിപക്ഷനേതാവ് നടത്തിയത് കുറച്ചുകാലമായി നെഗറ്റീവ് മനസ്സ് വച്ചുപുലർത്തുന്ന നേതാക്കളെ മാറ്റിയെടുക്കാനുള്ള പ്രസംഗമായിരുന്നു.
സമീപകാലത്ത് കെ. മുരളീധരൻ ഉയർത്തിക്കൊണ്ടിരുന്ന പരിഭവങ്ങളെയെല്ലാം മാറ്റിയെടുക്കുന്നതായിരുന്നു സതീശന്റെ പ്രസംഗം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ടി.എൻ. പ്രതാപനിലും അങ്ങനെയൊരു മനസ്സുമായി നിന്ന അടൂർ പ്രകാശിലും പ്രതിപക്ഷനേതാവിന്റെ പ്രസംഗം മനംമാറ്റമുണ്ടാക്കി.
ലോക്സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് ലീഡേഴ്സ് മീറ്റിലും ടി.എൻ. പ്രതാപൻ ആവർത്തിച്ചതോടെ കൂട്ട എതിർപ്പുയർന്നു. തൃശൂരിൽ പ്രതാപന്റെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്നും അതിന് വിരുദ്ധമായുള്ള പ്രതികരണം പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
പ്രതാപൻ പറഞ്ഞതും അതിനെതിരെ യോഗത്തിലുയർന്ന വികാരവും കേൾക്കാതെയായിരുന്നു കെ. മുരളീധരന്റെ കടന്നുവരവ്. തുടർന്ന് സംസാരിച്ച മുരളീധരൻ, ഇനി തിരഞ്ഞെടുപ്പ് മത്സരത്തിന് താനില്ലെന്നും സംഘടനാരംഗത്ത് പ്രവർത്തിക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷനേതാവ് തന്റെ പ്രസംഗത്തിൽ വിഷയമെടുത്തിട്ടത്.
മുന്നിൽ നിന്ന് നയിക്കേണ്ട നേതാക്കളിൽ നിന്ന് ഇത്തരം പ്രതികരണങ്ങളുയരുന്നത് നിർണായകമായ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാനേ ഉപകരിക്കൂവെന്ന് സതീശൻ പറഞ്ഞു. തീരുമാനം നേതാക്കൾ സ്വയമെടുക്കേണ്ടതല്ല. പാർട്ടി തീരുമാനിക്കട്ടെ. ലീഡറുടെ മകനായ മുരളീധരൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ ഗാംഭീര്യമുള്ളയാളാണ്. പ്രവർത്തകരെ ഉത്തേജിപ്പിക്കാനുള്ള കഴിവുള്ളവരാണ് എല്ലാവരുമെന്നും സതീശൻ പറഞ്ഞു.
പാർട്ടി കൈക്കൊള്ളുന്ന തീരുമാനമെന്തായാലും അനുസരിക്കുമെന്ന് ഇതോടെ പ്രതാപൻ വ്യക്തമാക്കി. തന്റെ ആഗ്രഹം പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും പാർട്ടിയുടെ തീരുമാനത്തിനൊപ്പമേ നിൽക്കൂവെന്നും മുരളീധരനും വ്യക്തമാക്കി. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ തുടക്കം മുതൽ അകമഴിഞ്ഞ് വിശ്വസിക്കുന്നയാളാണ് ഞാൻ. അദ്ദേഹത്തിന്റെ കൂടെ കേരളത്തിലുടനീളം ജോഡോയാത്രയിൽ നടന്നപ്പോൾ ആ മനസ്സിന്റെ വലിപ്പം അടുത്തറിയാനായി. അദ്ദേഹം പറയുന്നതിനപ്പുറത്തേക്കൊരു തീരുമാനവുമുണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞപ്പോൾ കൈയടിയുയർന്നു.
പാർട്ടി പറഞ്ഞതിനൊത്ത് മാത്രം പ്രവർത്തിച്ച പാരമ്പര്യമാണ് തനിക്കെന്നും അതുതന്നെ തുടരുമെന്നും അടൂർ പ്രകാശും വ്യക്തമാക്കി. ഐക്യത്തിന്റെ സ്പിരിറ്റ് യോഗത്തിലുയർന്നതിൽ ആഹ്ലാദിക്കുന്നുവെന്നും ഇത് നിലനിറുത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.
ഒക്ടോബർ 31വരെയുള്ള കർമ്മപദ്ധതികളാണ് സതീശൻ അവതരിപ്പിച്ച് യോഗം അംഗീകരിച്ചത്. ഇതനുസരിച്ച് പാർട്ടിയുടെ ബൂത്തുതല ക്രമീകരണങ്ങളെല്ലാം പൂർണസജ്ജമാക്കി ഒക്ടോബറിൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |