നിലമ്പൂർ: നഗരസഭ നടപ്പാക്കിയ കുറ്റിക്കുരുമുളക് വിതരണ പദ്ധതിയിൽ അഴിമതി നടത്തിയെന്ന പരാതിയിൽ കൃഷി വകുപ്പിന്റ സ്പെഷ്യൽ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി.
തിരുവനന്തപുരത്ത് നിന്നെത്തിയ ഉദ്യോഗസ്ഥർ നിലമ്പൂർ കൃഷിഭവനിലെത്തി തെളിവെടുത്തു.
നഗരസഭ 2022-23 വർഷം നടപ്പാക്കിയ പദ്ധതിയെക്കുറിച്ചാണ് പരാതി ഉയർന്നത്. 5000 കുടുംബങ്ങൾക്ക് 2 തൈകൾ വീതം വിതരണം ചെയ്യുന്നതിന് 10 ലക്ഷം രൂപയാണ് നീക്കിവച്ചത്. പിന്നീട് പദ്ധതി പുതുക്കി 1.20 ലക്ഷം കൂടി അനുവദിച്ചു. സർക്കാർ ഫാം അല്ലെങ്കിൽ ഹോർട്ടികോർപ്പിന്റെ അംഗീകൃത നഴ്സറികളിൽ നിന്നോ തൈകൾ വാങ്ങണമെന്നാണ് ചട്ടം. മാനദണ്ഡം ലംഘിച്ച് കൂടിയ വിലയ്ക്ക് തൈകൾ വാങ്ങി അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പാലാേളി മെഹബൂബാണ് പരാതി നൽകിയത്. വിജിലൻസ് ഉദ്യോഗസ്ഥർ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ കൃഷി ഓഫിസർ പി.ഉമ്മർകോയയുടെ മൊഴിയെടുത്തു. പദ്ധതി പുതുക്കിയതിന് നഗരസഭാ തീരുമാനം, സർക്കാർ ഫാമുകൾ, അംഗീകൃത നഴ്സറികൾ എന്നിവയിൽ തൈകൾ ലഭ്യമല്ലായിരുന്നു എന്നതിന് രേഖ എന്നിവ ഹാജരാക്കാൻ നിർദ്ദേശം നൽകിയതായി അറിയുന്നു. കഴിഞ്ഞ ദിവസം ഓംബുഡ്സ്മാന്റ ഉത്തരവ് പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നഗരസഭയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |