തിരുവനന്തപുരം: അക്രമികളുടെ അപ്രതീക്ഷിത ആക്രമണങ്ങൾ മിന്നൽ വേഗത്തിൽ തടഞ്ഞ് മറ്റുള്ളവരുടെ ജീവനും സ്വന്തം ജീവനും രക്ഷിക്കാൻ പൊലീസുകാർക്ക് കായികവും മാനസികവുമായ ശാസ്ത്രീയമായ പരിശീലനം നൽകാൻ സർക്കാർ ശുഷ്കാന്തി കാട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് പ്രധാന കാരണം പൊലീസിന്റെ പരിശീലനമില്ലായ്‌മയാണ്. ഒരു കത്രികയുമായി അപ്രതീക്ഷിതമായി ചാടിവീണ അക്രമിയെ ദ്രുതവേഗത്തിൽ പ്രതികരിച്ച് കീഴടക്കുന്നതിന് പകരം പൊലീസുകാർ പ്രാണഭീതിയിൽ ഓടിയൊളിക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ആകസ്‌മിക സംഭവങ്ങൾ നേരിടാൻ പൊലീസ് സുസജ്ജമാവണമെന്ന് മുഖ്യമന്ത്രി പിണറായി ഇന്നലെ ഇരിങ്ങാലക്കുടയിൽ പറഞ്ഞത്. എന്നാൽ ഇതിന് നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യം തടയൽ തിയറി പേപ്പറായാണ് പൊലീസ് അക്കാഡമിയിൽ പഠിപ്പിക്കുന്നത്. സി. പി. ഒ ആയി സർവീസിൽ കയറുമ്പോഴുള്ള പരിശീലനത്തിൽ മാത്രമാണ് അക്രമികളെ കീഴടക്കാനുള്ള പ്രാഥമിക കായിക പാഠങ്ങളെങ്കിലും കിട്ടുന്നത്. പിന്നീട് സർവീസിൽ ഒരിക്കൽ പോലും ഇതിന് റിഫ്രഷർ ട്രെയിനിംഗ് ലഭിക്കാറില്ല. കായികക്ഷമത നിലനിർത്താനുള്ള പതിവ് ഡ്രില്ലിനപ്പുറം അക്രമികളെ മിന്നൽ വേഗത്തിൽ പ്രതിരോധിക്കാൻ പൊലീസിനെ മാർഷ്യൽ ആർട്ട്സ് പോലെയുള്ള മുറകൾ പരിശീലിപ്പിക്കണമെന്ന വാദം ശക്തമാകുന്നുണ്ട്.
ക്രിമിനലുകൾ അല്ലാത്തവർ പോലും ലഹരി ഉപയോഗത്താൽ ആക്രമണ വാസന കാട്ടുമ്പോൾ പ്രതിരോധിച്ച് സ്ഥിതി നിയന്ത്രിക്കാൻ പൊലീസിന് കഴിയുന്നില്ല. പിടികൂടുന്നവരെ ദേഹപരിശോധന നടത്തി നിരായുധരാക്കാൻ പോലും പൊലീസ് ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മജിസ്ട്രേറ്റിന്റെ മുന്നിൽവച്ച് പതിനേഴുകാരൻ സ്വയം മുറിവേൽപ്പിച്ച സംഭവംവരെ ഉണ്ടായി.
പണമുണ്ട്, പ്രാപ്തിയില്ല
പൊലീസ് നവീകരണത്തിന് കേന്ദ്രം പ്രതിവർഷം 250 കോടി നൽകും. സംസ്ഥാന വിഹിതവുമുണ്ട്. ഇത് ഉപയോഗിച്ച് വാഹനങ്ങൾ,വയർലെസ്,കമ്പ്യൂട്ടറുകൾ,ക്യാമറകൾ തുടങ്ങിയവ വാങ്ങിക്കൂട്ടും.കെട്ടിടംപണിയും തകൃതിയാണ്. 28കോടിക്ക് 315 വാഹനങ്ങൾ വാങ്ങി. പൊലീസുകാർക്ക് പരിശീലനം നൽകാൻ ഒന്നും ചെയ്യില്ല.
മനോവീര്യം തകരുന്നു
രാഷ്ട്രീയക്കാരും ക്രിമിനലുകളും ഗുണ്ടകളു പൊലീസിനെ വെല്ലുവിളിക്കുന്നു.കസ്റ്റഡിയിലുള്ളവർ പോലും ആക്രമിക്കുന്നു.
പൊലീസിനെ നന്നാക്കാൻ
1. മനഃശാസ്ത്ര പരിശീലനം
2.വാർഷിക ശാരീരിക പരിശീലനം
3.മാർഷ്യൽ ആർട്ട്സ് പരിശീലനം
4.ദ്രുത പ്രതികരണ പരിശീലനം
5.മനസാന്നിദ്ധ്യമുണ്ടാക്കാൻ പരിശീലനം
6. പരിശീലന സിലബസിൽ മാറ്റം വേണം.
`ആകസ്മിക സാഹചര്യങ്ങൾ നേരിടാൻ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ മനഃശാസ്ത്ര പരിശീലനം നൽകണം. 60,000 പേർക്ക് ഒരാഴ്ച പരിശീലനം നൽകാൻ സാമ്പത്തിക ബാദ്ധ്യതയേറും. നിലവാരമുള്ള ബാറ്റൺ കൈയിലുണ്ടാകണം. ഒരുവിധം അതിക്രമങ്ങൾ തടയാനും ആത്മവിശ്വാസം ഉയർത്താനും സഹായിക്കും. വർഷത്തിലൊരിക്കൽ രണ്ടാഴ്ചയെങ്കിലും റിഫ്രഷർ കോഴ്സ് വേണം.
- ജേക്കബ് പുന്നൂസ്, മുൻ പൊലീസ് മേധാവി
'പൊലീസിന്റേത് മികച്ച പ്രവർത്തനമാണെങ്കിലും ആകസ്മികമായ ചില സംഭവങ്ങളുണ്ടായി. അതുകൂടി പരിഹരിക്കുന്ന വിധം സുസജ്ജമാകണം.
സൈബർ ആക്രമണം നടത്തുന്നവരോട് പൊലീസിന് സോഫ്റ്റ് കോർണറുണ്ട്. സമൂഹത്തിന് ചേരാത്ത കാര്യം ചെയ്താലും സേനയിൽ തുടരാമെന്നായിരുന്നു ചിലരുടെ ധാരണ. അത്തരക്കാർക്കെതിരെ കർശന നടപടിയെടുത്തിട്ടുണ്ട്".
- മുഖ്യമന്ത്രി പിണറായി വിജയൻ
പ്രശ്നങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ കടുത്ത വീഴ്ചയാണ്. പൊലീസിനുമേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ല. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ജില്ലകളിലെ പ്രശ്നങ്ങൾ മനസിലാക്കുമായിരുന്നു. സിലബസ് അവസാനം പരിഷ്കരിച്ചത് എന്റെ കാലത്താണ്.
- രമേശ് ചെന്നിത്തല, മുൻ ആഭ്യന്തര മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |