ബീജിംഗ് : ആർ.എം.എസ് ടൈറ്റാനിക്.... ഈ പേര് കേൾക്കാത്തവർ വിരളമായിരിക്കും. 1912ൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട് കന്നിയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ പടുകൂറ്റൻ കപ്പൽ.
ആഡംബര കപ്പലായിരുന്ന ടൈറ്റാനിക് അന്ന് നിർമ്മിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും വലുതായിരുന്നു. ' ഒരിക്കലും മുങ്ങാത്ത കപ്പൽ " എന്നായിരുന്നു ടൈറ്റാനിക് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ, ആദ്യ യാത്രയിൽ തന്നെയെത്തിയ ദുരന്തം കവർന്നത് 1,500 ലേറെ പേരുടെ ജീവനാണ്.
ടൈറ്റാനിക് തകർന്ന് വർഷങ്ങൾക്ക് ശേഷം 1997ൽ ബോക്സ് ഓഫീസ് റെക്കോഡുകളെ തകർത്ത് കൊണ്ട് അതേ പേരിൽ ഹോളിവുഡ് ചിത്രവുമിറങ്ങിയിരുന്നു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചില ടൈറ്റാനിക് പതിപ്പുകൾ നിർമ്മാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നും പച്ചപിടിച്ചില്ല. ടൈറ്റാനികിന്റെ അതേ രൂപത്തിലും ഭാവത്തിലും ഒരുങ്ങിയ ചൈനീസ് അപരനും പണി പൂർത്തിയാകും മുമ്പ് വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ട്. !
സിഷുവാൻ പ്രവിശ്യയിലെ റൊമാന്റിസീ തീം പാർക്കിലെ നിർമ്മാണം നടന്നുവന്ന ടൈറ്റാനിക് മാതൃക ഉപേക്ഷിച്ചെന്നാണ് അഭ്യൂഹം. 2016ലാണ് ഇവിടെ ടൈറ്റാനിക് മാതൃകയുടെ നിർമ്മാണം തുടങ്ങിയത്. 2017 അവസാനം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ സാമ്പത്തിക കാരണങ്ങളാൽ നീണ്ടു. ഒറിജിനൽ ടൈറ്റാനിക്കിലെ ഡൈനിംഗ് റൂം മുതൽ ലക്ഷ്വറി ക്യാബിൻ വരെ 153.5 മില്യൺ ഡോളർ ചെലവിലുള്ള ഈ പകർപ്പിലുമുണ്ടായിരുന്നു.
ഡോർ ഹാൻഡിലുകൾ പോലും അതുപോലെ രൂപകല്പന ചെയ്യാനാണ് പദ്ധതിയിട്ടത്. ആർ.എം.എസ് ടൈറ്റാനിക് സമുദ്രയാത്രയ്ക്കുള്ളതായിരുന്നെങ്കിൽ ചൈനീസ് ടൈറ്റാനിക് ടൂറിസ്റ്റുകളെ ആകർഷിക്കാനായി കരയിലുള്ള ഒരു മാതൃകയായിരുന്നു. ടൈറ്റാനിക്കിനെ നീറ്റിലിറക്കിയ സതാംപ്ടണിലെ പോർട്ടിന്റെ മാതൃകയും ഇതോടൊപ്പം നിർമ്മിക്കുന്നുണ്ട് എന്നായിരുന്നു നിർമ്മാതാക്കളുടെ അവകാശവാദം. യഥാർത്ഥ ടൈറ്റാനികിന്റെ നിർമ്മാണത്തെക്കോൾ ചെലവേറിയ ഈ പതിപ്പിനെ ഒരു മ്യൂസിയമാക്കാനായിരുന്നു പദ്ധതി.
260 മീറ്റർ നീളമുള്ള ചൈനീസ് ടൈറ്റാനിക് 200 വർഷത്തോളം നിലനിൽക്കുമെന്നും ഇതിനുള്ളിൽ ദിവസം ഏകദേശം 2,000 യുവാൻ ( 22,800 രൂപ ) നിരക്കിൽ തങ്ങാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ശരിക്കും കടലിലാണെന്ന തോന്നലുണ്ടാക്കുന്ന പ്രത്യേക സംവിധാനങ്ങളും കപ്പലിന്റെ ഭാഗമായിരുന്നു. 2021 ആദ്യമാണ് ചൈനീസ് ടൈറ്റാനികിനെ പറ്റിയുള്ള ഈ പ്രത്യേകതകൾ നിർമ്മാതാക്കൾ പങ്കുവച്ചത്. രണ്ട് വർഷങ്ങൾക്കിപ്പുറം ഈ ടൈറ്റാനികിനെ പറ്റി യാതൊരു വിവരവും ലഭ്യമല്ല.
പദ്ധതി സാമ്പത്തിക തടസങ്ങൾ നേരിടുന്നതായി വ്യാപക റിപ്പോർട്ടുണ്ടായിരുന്നു. 2021 ജൂലായ് വരെ കപ്പലിന്റെ നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിരുന്നു. എന്നാൽ വൈകാതെ കപ്പലിനായി തുറന്ന വെബ്സൈറ്റും ട്വിറ്റർ പേജും അപ്രത്യക്ഷമായി. ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നിർമ്മാതാക്കളെ സമീപിച്ചെങ്കിലും ഇവർ പ്രതികരിച്ചില്ല. ഇതോടെയാണ് ടൈറ്റാനിക് പദ്ധതി ചൈന ഉപേക്ഷിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉടലെടുത്തത്. കപ്പലിന്റെ നിർമ്മാണം നിറുത്തിവച്ചെന്ന സൂചനയുണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |