SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.16 AM IST

കൈമുറിഞ്ഞത് ഡ്രസ് ചെയ്തപ്പോൾ വേദനിച്ചു, ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
general-hospital

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റിൽ. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. കൈ മുറിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തിയതായിരുന്നു ഇയാൾ. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ വേദനിച്ചെന്ന് പറഞ്ഞ് ശബരി ബഹളം വയ്ക്കുകയും ഡോക്‌ടറെ അധിക്ഷേപിക്കുകയും ചെയ്തു. പിന്നാലെ കന്റോൺമെന്റ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ റിമാൻഡ് ചെയ്തു.

ഇയാൾ ലഹരിയോ മദ്യമോ ഉപയോഗിച്ചോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കൊച്ചി കളമശേരിയിലും സമാന സംഭവമുണ്ടായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആൾ ഡോക്‌ടർക്ക് നേരെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ചിലർക്കുനേരെയും ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിൽ പ്രശ്‌നമുണ്ടാക്കിയ വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിൻ പിടിയിലായി. ഇയാൾ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടാണ് ആശുപത്രിയിലെത്തിയത്. വന്നതുമുതൽ അസ്വാഭാവിക പെരുമാറ്റമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ചികിത്സിക്കാനെത്തിയ ഡോക്‌ടർ ഇർഫാൻ ഖാനോട് തട്ടിക്കയറുകയും മുഖത്തടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി. ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും ഡോക്‌ടർ ഇർഫാൻ നൽകിയ പരാതിയിൽ പറയുന്നു. ഡോയൽ മദ്യമോ, ലഹരിയോ ഉപയോഗിച്ചിരുന്നോ എന്നത് വ്യക്തമല്ല. ഡോക്‌ടറുടെ പരാതിയിൽ രാത്രിതന്നെ കളമശേരി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

TAGS: CASE DIARY, GENERAL HOSPITAL, THIRUVANANTHAPURAM, DOCTOR, ABUSED, ARRESTED, SABARI, POOJAPURA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER