തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരഹിതരായ എല്ലാവരെയും ഭൂ ഉടമകളാക്കാൻ സർക്കാർ ആവിഷ്കരിക്കുന്ന പട്ടയമിഷന് മേയ് 19ന് തുടക്കമാവും. രാവിലെ 11ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭൂമിയില്ലാത്തവർക്കായി ഭൂമി കണ്ടെത്തി വിതരണം ചെയ്യുകയാണ് ലക്ഷ്യം. മലയോര മേഖലയിലുള്ളവർ, പട്ടികവർഗ വിഭാഗക്കാർ, കോളനി നിവാസികൾ എന്നിവർക്ക് മുൻഗണന.
77 താലൂക്ക് ലാൻഡ് ബോർഡുകളിലായി പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചിട്ടുള്ളതുമായി ബന്ധപ്പെട്ട് 1298 മിച്ചഭൂമി കേസുകൾ നിലവിലുണ്ട്. താലൂക്ക് ബോർഡുകളെ നാല് മേഖലകളാക്കി തിരിച്ച് ഓരോന്നിന്റെയും ചെയർമാനായി ഡെപ്യൂട്ടി കളക്ടർമാരെ നിയമിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീർക്കേണ്ട ചുമതല ഇവർക്കാണ്. കേസുകൾ തീർപ്പാവുമ്പോൾ 23,000 ഏക്കറിലധികം ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാനാവും.
1015 കോളനികളിൽ താമസക്കാരായ 16,231 കുടുംബങ്ങൾക്കും പട്ടയം ലഭിക്കാനുണ്ട്. എം.എൽ.എമാരുടേയും മറ്റു ജനപ്രതിനിധികളുടേയും സഹായത്തോടെ ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കും. തദ്ദേശ സ്ഥാപനങ്ങൾ ഭൂമി വാങ്ങി വീടുവച്ചു നൽകിയ കോളനികളിൽ പലതിന്റെയും ഭൂമി റവന്യു രേഖകളിൽ ഇപ്പോഴും മുൻ ജന്മിയുടെ പേരിലാണ് . ഇത്തരം ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കി പട്ടയം നൽകാനുള്ള നടപടികളും പട്ടയ മിഷനിലൂടെ സ്വീകരിക്കും.
പട്ടയവിതരണം
ലക്ഷ്യം കവിഞ്ഞു
പട്ടയവിതരണത്തിൽ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് റവന്യുവകുപ്പ് നടത്തിയത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വർഷത്തിൽ 40,000 പട്ടയങ്ങൾ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ മേയ് 20നുള്ളിൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ 67,069 ആണ്. പാലക്കാട് ജില്ലയാണ് മുന്നിൽ-17,879. തൊട്ടുപിന്നിൽ മലപ്പുറം-12,000. ആദ്യവർഷം വിതരണം ചെയ്തത് 54,535 പട്ടയങ്ങൾ. ആകെ 1,21,604.
1,77,011
ഒന്നാം പിണറായി സർക്കാർ
5 വർഷത്തിൽ വിതരണം ചെയ്ത പട്ടയം
1,21,604
രണ്ടാം പിണറായി സർക്കാർ
രണ്ടുവർഷത്തിൽ വിതരണം ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |