SignIn
Kerala Kaumudi Online
Friday, 26 April 2024 11.00 AM IST

ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയാണ് ഇനി നിന്റെ പേര്, ആ സന്യാസിയുടെ അനുഗ്രഹത്താൽ ജീവിതം മാറിയ പത്തുവയസുകാരൻ സിദ്ധരാമയ്യ ആയ കഥ

sidharamayya

ബംഗളൂരു: രണ്ടാംവട്ടം കർണാടക മുഖ്യമന്ത്രിയാകുന്ന സിദ്ധരാമയ്യ തികച്ചും വേറിട്ട വ്യക്തിത്വത്തിനുടമ. തറവാടിത്തവും ജാതിയും പറഞ്ഞല്ല, വ്യക്തിപ്രഭാവം കൊണ്ടാണ് കന്നഡമക്കൾക്ക് ഏറ്റവും സമ്മതനായത്. വ്യക്തതയുള്ള സംസാരം. ആകർഷക പെരുമാറ്റം. ഉറച്ച തീരുമാനങ്ങൾ. മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞു തന്നെയാണ് ഇക്കുറി വോട്ടുപിടിച്ചത്.

കർണാടകത്തിലെ രീതിയനുസരിച്ച് നാടിന്റെയും അച്ഛന്റെയും പേരു ചേർത്ത് സിദ്ധരാമനഗുഡി സിദ്ധരാമെഗൗഡ സിദ്ധരാമയ്യ എന്ന് പറയാം. പക്ഷേ, സിദ്ധരാമയ്യ ഇതിന് തയ്യാറായില്ല.

പത്തു വയസുവരെ പേരുപോലും ഇട്ടിരുന്നില്ല. കന്നഡയിൽ ചെക്കൻ എന്ന് അർത്ഥം വരുന്ന 'ഉഡുക" എന്നാണ് വിളിച്ചിരുന്നത്. സ്കൂളിൽ ചേരുന്നതിന് പകരം വീരണ്ണകുനിത എന്ന നാടോടി നൃത്തം പഠിക്കാനാണ് പോയത്. ഇതിനിടെ നാട്ടുക്ഷേത്രത്തിൽ വച്ച് ഒരു സന്യാസിയെ കണ്ടത് ജാതകം മാറ്റി. നന്നായി സംസാരിക്കുന്ന കുട്ടിയോട് സന്യാസി പേരു ചോദിച്ചു. പേരില്ലെന്ന് മറുപടി. ഒരു നിമിഷം ആലോചിച്ച സന്യാസി, ക്ഷേത്രത്തിൽ സിദ്ധരാമന്റെ പ്രതിഷ്ഠയല്ലേ, നീ സിദ്ധരാമയ്യ ആണെന്നു പറഞ്ഞു. അങ്ങനെ പയ്യൻ സിദ്ധരാമയ്യ ആയി. സന്യാസിയുടെ നിർദ്ദേശപ്രകാരം സ്കൂളിലും ചേർന്നു. നേരിട്ട് അഞ്ചാം ക്ളാസിൽ.

ലിംഗായത്തും വൊക്കലിഗയും അടക്കിവാഴുന്ന കന്നഡ രാഷ്ട്രീയത്തിൽ പിന്നാക്ക കുറുബ സമുദായത്തിൽ നിന്നാണ് സിദ്ധരാമയ്യയുടെ വളർച്ച. 1996ൽ കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്. ഡി. ദേവഗൗഡ പ്രധാനമന്ത്രിയായപ്പോൾ കർണാടക രാഷ്ട്രീയം കലങ്ങി മറിഞ്ഞു. ദേവഗൗഡയുടെ വിശ്വസ്തനും മികച്ച ധനമന്ത്രിയുമായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശമുയർന്നു. എന്നാൽ ജാതിക്കായിരുന്നു മുൻതൂക്കം. ലിംഗായത്തുകാരനായ ജെ.എച്ച്. പട്ടേൽ മുഖ്യമന്ത്രിയായി. 2004ൽ തൂക്ക് സഭയുണ്ടായപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസ്, ജനതാദൾ സഖ്യസർക്കാരുണ്ടാക്കി. ധാരണയനുസരിച്ച് കോൺഗ്രസിലെ ധരംസിംഗ് ആദ്യ ടേമിൽ മുഖ്യമന്ത്രിയായി. സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയും. എന്നാൽ, രണ്ടാം ടേമെത്തിയപ്പോൾ ദേവഗൗഡ കളം മാറി. മകൻ എച്ച്. ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പ്രതിഷേധിച്ച് സിദ്ധരാമയ്യ ജനതാദൾ വിട്ടു.

2013ൽ കോൺഗ്രസിന് തനിച്ച് ഭൂരിപക്ഷം കിട്ടിയപ്പോഴും സിദ്ധരാമയ്യ മുഖ്യമന്ത്രിയായത് ഏറെ പടവെട്ടിയാണ്. ജി.പരമേശ്വര, ഡി.കെ.ശിവകുമാർ എന്നിവയിരുന്നു എതിരാളികൾ. ആദർശ പരിവേഷമാണ് അന്ന് സിദ്ധരാമയ്യയെ തുണച്ചത്.

ജീവിതരേഖ

സിദ്ധദേവനഹുണ്ഡിയിൽ 1948 ഓഗസ്റ്റ് രണ്ടിന് ജനനം. കർഷകനായ സിദ്ധരാമെ ഗൗഡയുടെയും ബൊറമ്മയുടെയും ആറു മക്കളിൽ നാലാമൻ. ബി.എസ്സിയും എൽഎൽ.ബിയും പാസായി മൈസൂർ കോടതിയിൽ അഭിഭാഷകനായി. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക്. പത്നി പാർവ്വതി. മക്കളായ രാകേഷും ഡോ. യതീന്ദ്രയും കന്നഡ സിനിമാ മേഖലയിലായിരുന്നു. 2016ൽ അസുഖബാധയെ തുടർന്ന് രാകേഷ് മരിച്ചു. യതീന്ദ്ര കഴിഞ്ഞതവണ വരുണയിൽ നിന്ന് എം.എൽ.എയായി.

രാഷ്ട്രീയ രേഖ

ഭാരതീയ ലോക്ദളിലൂടെ 1983ൽ ചാമുണ്ഡേശ്വരി എം.എൽ.എയായി. തുടർന്ന് ജനതാ പാർട്ടിയിലെത്തി.1985ൽ ഹെഗ്‌ഡെ മന്ത്രിസഭയിൽ അംഗം. 1992ൽ ജനതാദൾ സെക്രട്ടറി ജനറലായി. 1994ലെ ദേവഗൗഡ മന്ത്രിസഭയിൽ ധനമന്ത്രി.1996ൽ ജെ.എച്ച്. പാട്ടീൽ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി. ദൾ പിളർന്നതോടെ ദേവഗൗഡ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ. 2004ലെ കോൺഗ്രസ്- ദൾ സഖ്യസർക്കാരിൽ രണ്ടാംതവണ ഉപമുഖ്യമന്ത്രിയായി. 2005ൽ ദൾ വിട്ടു. പിന്നീട് അഹിന്ദ എന്ന പേരിൽ ദളിത്, പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മയുണ്ടാക്കി. വൈകാതെ കോൺഗ്രസിൽ ചേർന്നു. 2008ൽ വരുണയിൽ നിന്ന് അഞ്ചാംതവണ നിയമസഭയിലെത്തിയപ്പോൾ ലഭിച്ചത് പ്രതിപക്ഷ നേതൃസ്ഥാനം. 2013ൽ മുഖ്യമന്ത്രിയായി. 2019ൽ വീണ്ടും പ്രതിപക്ഷ നേതാവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SIDHARAMAYYA, KARNATAKA, ELECTION, KARNATAKA CHIEF MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.