തിരുവനന്തപുരം: റവന്യു വകുപ്പിലെ പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി അറിയിക്കുന്നതിനായി തയ്യാറാക്കിയ അലർട്ട് പോർട്ടൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കേരള ഭൂസംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് പോർട്ടലിൽ (http://alert.revenue.kerala.gov.in) അപ‌്ലോഡ് ചെയ്യാൻ സാധിക്കും. പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാക്കും. അധികൃതർ അന്വേഷിച്ച് പരാതികാർക്ക് മറുപടി നൽകും.
റെലിസ് പോർട്ടൽ വഴി അടിസ്ഥാന നികുതി (ബി.ടി.ആർ) പകർപ്പ് ഓൺലൈനായി ലഭിക്കുന്ന ഇ ബി.ടി.ആർ സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിലൂടെ വില്ലേജ് ഓഫീസിൽ പോകാതെ ഓൺലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസർ അംഗീകരിക്കുന്ന മുറയ്ക്ക് രേഖകൾ അപേക്ഷന് ഓൺലൈനായി ലഭിക്കും.
സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി 40000 പട്ടയങ്ങൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടിരുന്നിടത്ത് 67069 പട്ടയങ്ങൾ വിതരണം ചെയ്തെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. 120 വില്ലേജുകൾ സ്മാർട്ട് വില്ലേജുകളായെന്നും ഡിജിറ്റൽ റീസർവെ, റവന്യു ഇ- സാക്ഷരത പദ്ധതി എന്നിവ മുൻഗണനയോടെ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ടി.വി.അനുപമ, ജോയിന്റ് കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ഐ.ടി നോഡൽ ഓഫീസർ കെ.മധു, അസി. കമ്മിഷണർമാരായ അനു.എസ്.നായർ, സബിൻ സമദ്, ബീന.പി.ആനന്ദ്, സീനിയർ ഫിനാൻസ് ഓഫീസർ അജി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |