തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്.എഫ്.ഐ ആൾമാറാട്ടം അന്വേഷിക്കുന്നതിന് സി.പി.എം രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. ഡി.കെ. മുരളി, പുഷ്പലത എന്നിവരാണ് കമ്മിഷനംഗങ്ങൾ. ആൾമാറാട്ടത്തിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. തട്ടിപ്പിൽ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എമാരായ ഐ.ബി. സതീഷും ജി. സ്റ്റീഫനും സി.പി.എമ്മിന് കത്ത് നൽകിയിരുന്നു.
അതേസമയം സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജു; എസ്.എഫ്.ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. വിശ്വാസ,വഞ്ചന , വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതത്. സർവകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്തത് സിൻഡിക്കേറ്റ് യോഗ തീരുമാന പ്രകാരം കേരള സർവകലാശാല രജിസ്ട്രാർ പൊലീസില്‍ പരാതി നൽകിയിരുന്നു.
എസ്.എഫ്.ഐ നേതാവായിരുന്ന എ. വിശാഖും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യൂണിവേഴ്സിറ്റി കൗണസിലറുടെ പേര് വെട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് ചേർത്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ അഞ്ച് ദിവസം മുമ്പ് കെ.എസ്‍.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് നടപടിയെടുത്തില്ലെങ്കിലും കേരള സർവകലാശാലയുടെ പരാതി പൊലീസിന് അവഗണിക്കാനായില്ല.
അതേ സമയം, സി.എസ്.ഐ സഭ നയിക്കുന്ന കോളേജ് മാനേജ്മെൻ്റും വിഷയം അന്വേഷിക്കുന്നുണ്ട്. കോളേജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. ഈ അന്വേഷണ റിപ്പോർട്ടിന് ശേഷം പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കും. ഷൈജുവിനെ പ്രിൻസിപ്പിൽ ഇൻ ചാർജ്ജ് സ്ഥാനത്തും നിന്നും മാറ്റിയ സർവകലാശാല കടുതൽ നടപടി എടുക്കാൻ കോളേജിനോട് നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |