തിരുവനന്തപുരം: എതിർപ്പുള്ളപ്പോഴും യോജിച്ചു നിൽക്കുന്നതാണ് ജനാധിപത്യത്തിന്റെ സത്തയെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ പറഞ്ഞു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള നിയമസഭ പ്രസംഗങ്ങൾ പുസ്തക രൂപത്തിലാക്കിയതിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച രീതിയിലാണ് ചെന്നിത്തല തന്റെ കർത്തവ്യം നിർവഹിച്ചത്. മാദ്ധ്യമങ്ങൾ പോലും ലഭിക്കാത്ത കാര്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ചെന്നിത്തലയുമായി ദീർഘകാലത്തെ ബന്ധമാണ് തനിക്കുള്ളതെന്നും ഗവർണർ പറഞ്ഞു.
അന്ധമായ രാഷ്ട്രീയത്തിന്റെ അതിപ്രസരമോ വ്യക്തിവിരോധത്തിന്റെ അംശമോ ഇല്ലാത്തതായിരുന്നു നിയമസഭയിലെ ചെന്നിത്തലയുടെ പ്രസംഗങ്ങളെന്ന് അദ്ധ്യക്ഷത വഹിച്ച വി.എം. സുധീരൻ പറഞ്ഞു. ഒരു സാമാജികൻ സഭയിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ചെന്നിത്തല. നിയമസഭയിൽ ഇപ്പോൾ യുക്തിനിഷ്ഠമായാണ് വിമർശനങ്ങൾ ഉയരാറുള്ളതെന്നും സുധീരൻ പറഞ്ഞു. പ്രതിജ്ഞാബദ്ധനായ പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തലയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളോട് വിയോജിപ്പും ചില കാര്യങ്ങളിൽ യോജിപ്പും ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മാത്രം ഒതുങ്ങേണ്ട നേതാവല്ല ചെന്നിത്തലയെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ഒന്നാം പിണറായി സർക്കാറിനെക്കുറിച്ചുള്ള പഠനത്തിനുള്ള മികച്ച രേഖയാണ് ചെന്നിത്തലയുടെ പുസ്തകമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എങ്ങനെയാണ് ഓരോ വിഷയങ്ങളെയും സമീപിച്ചതെന്നതിന്റെ നേർചിത്രമാണ് തന്റെ പുസ്തകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ലെന്ന് രണ്ട് വർഷമായി തനിക്ക് ബോദ്ധ്യമായെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകം പ്രസിദ്ധീകരിച്ച ശ്രേഷ്ഠ സാഹിതിയുടെ മാനേജിംഗ് ഡയറക്ടർ ഡോ. രോഹിത് ചെന്നിത്തല സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |