തിരുവനന്തപുരം: റവന്യു വകുപ്പിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അഴിമതി പോലുള്ള കുറ്റങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചറിയിക്കാൻ ജൂണിൽ പ്രത്യേക പോർട്ടൽ തുടങ്ങും. കുറ്റകൃത്യങ്ങൾ അറിയിക്കുന്നവരുടെ പേര് വെളിപ്പെടുത്തില്ല. റവന്യു വകുപ്പിലെ എല്ലാ ഓഫീസുകളിലും അപ്രഖ്യാപിത ഇൻസ്പെക്ഷനുകൾ നടത്തും. ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ അസിസ്റ്രന്റ് കമ്മീഷണർക്കാവും ചുമതല. റവന്യു സെക്രട്ടേറിയറ്റ് നടപടിക്രമങ്ങൾക്ക് രൂപം നൽകും. കൂടുതൽ ജീവനക്കാരെ ഇൻസ്പെക്ഷൻ ജോലികൾക്ക് നിയമിക്കും.
അഴിമതി അടക്കമുള്ള കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്നതാണ് തന്റെ അഭിപ്രായം. ഇതിന് വകുപ്പ്തലത്തിലും നിയമപരമായും ചില നടപടിക്രമങ്ങൾ വേണ്ടിവരും. കൈക്കൂലി വാങ്ങുന്നവർക്ക് ഭീതി ഉണ്ടാവും വിധമുള്ള ശിക്ഷയാണ് വേണ്ടത്. അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് വിജിലൻസ് യൂണിറ്രുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ യൂണിറ്രുകളുടെ എണ്ണം വർദ്ധിപ്പിക്കും. അഴിമതിക്കെതിരെ സർവീസ് സംഘടനകൾ ബോധവത്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |