മണ്ണാർക്കാട്:കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാർ പണം നൽകാൻ കഴിയാത്തവരിൽ നിന്ന് കോഴയായി എന്തു സാധനവും വാങ്ങാൻ തയ്യാറായിരുന്നു. തേൻ, കുടംപുളി, പടക്കം, ജാതിക്ക, ഷർട്ടുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.
മുറിയിൽ നിന്ന് 35 ലക്ഷം രൂപയുടെ കറൻസിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രസീതും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം തൂക്കം വരുന്ന 9000രൂപയുടെ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. പരിശോധനയിൽ ആകെ 1,06,00,000 രൂപയുടെ പണവും നിക്ഷേപവുമാണ് കണ്ടെത്തിയത്. ചെറിയ മുറിയുടെ പലയിടങ്ങളിലായി കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലും നിറയെ നോട്ടുകെട്ടുകൾ സൂക്ഷിച്ചുവച്ചിരുന്നു. ഇവ എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥർ മണിക്കൂറുകളെടുത്തു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂർത്തിയായത്.
ഇയാൾ ഒരു മാസമായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. മുമ്പ് ജോലിയെടുത്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നു. പക്ഷേ, പരാതി ലഭിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വി.സുരേഷ്‌കുമാറിനെ വിജിലൻസ് പിടികൂടിയത്.
പരാതികൾ ഒതുക്കി
മലയോര കർഷകർ മുമ്പ് സുരേഷിനെതിരെ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. വിജിലൻസിനെ കൊണ്ടുപിടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു. സുരേഷ് ഇടതു സർവീസ് സംഘടനയിലെ പ്രവർത്തകനാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് പരാതികൾ ഒതുക്കിത്തീർത്തത്.
സുരേഷിനെ കസ്റ്റഡിയിൽവാങ്ങും
വിജിലൻസ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ തുടർ അന്വേഷണത്തിന് വിജിലൻസ് വിഭാഗം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അപേക്ഷ നൽകി. തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി.അനിലാണ് കേസ് പരിഗണിച്ചത്.
പിടിച്ചെടുത്ത പണമടക്കമുള്ള തൊണ്ടി മുതൽ വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. മഞ്ചേരി സ്വദേശിയിൽ നിന്നു 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. തുടർന്ന് താമസ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് നിക്ഷേപം അടക്കം ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |