മയാമി: യു.എസിൽ 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള പോരാട്ടത്തിന് ( പ്രൈമറി ) പ്രചാരണം തുടങ്ങി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. പാർട്ടിയിലെ മുഖ്യ എതിരാളികളിലൊരാളായ ഡിസാന്റിസിന്റെ രംഗപ്രവേശം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ വെല്ലുവിളി ഉയർത്തും. ജനപ്രീതി കൂടുതൽ ട്രംപിനാണെങ്കിലും ചില അഭിപ്രായ സർവേകൾ പുറത്തുവന്നപ്പോൾ ഡിസാന്റിസിനും സ്വീകാര്യത ലഭിക്കുന്നുണ്ട്. പോൺ താരം സ്റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള വിവാദങ്ങളും ട്രംപിന് പ്രതിസന്ധിയായേക്കും.
ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയാണ് ഡിസാന്റിസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവരം അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ട്വിറ്റർ ഉടമ ഇലോൺ മസ്കുമായുള്ള ഓൺലൈൻ ലൈവ് അഭിമുഖത്തിലൂടെയായിരുന്നു ഇത്. എന്നാൽ സാങ്കേതിക തകരാറുകളെ തുടർന്ന് 20 മിനിട്ട് വൈകിയാണ് ട്വിറ്റർ പ്രചാരണം തുടങ്ങിയത്.
2019 ജനുവരിയിലാണ് ഡിസാന്റിസ് ഫ്ലോറിഡയുടെ 46ാം ഗവർണറായി അധികാരമേറ്റത്. നവംബറിൽ നടന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും ഫ്ലോറിഡ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ചാർലി ക്രിസ്റ്റിനെതിരെ വൻ ഭൂരിപക്ഷം നേടിയാണ് 44 കാരനായ ഡിസാന്റിസിന്റെ വിജയം. യു.എസ് നേവിയിലെ മുൻ ലെഫ്റ്റനന്റ് കമാൻഡറാണ് ഡിസാന്റിസ്. മുൻ മാദ്ധ്യമ പ്രവർത്തക കേസി ഡിസാന്റിസ് ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി, ആർക്കൻസോ ഗവർണർ എയ്‌സ ഹച്ചിൻസൺ, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവരാണ് റിപ്പബ്ലിക്കൻ പ്രൈമറിയിലെ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ. മറുവശത്ത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി പ്രസിഡന്റ് ജോ ബൈഡൻ പോരാട്ടത്തിനുണ്ട്.
ട്രംപ് x ഡിസാന്റിസ്
കഴിഞ്ഞ വർഷം നവംബറിലാണ് ട്രംപ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അന്ന് മുതൽ ഏവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒന്നാണ് ഡിസാന്റിസിന്റെ രംഗപ്രവേശം. തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് ഡിസാന്റിസിനെ നിരവധി തവണ രാഷ്ട്രീയമായി കടന്നാക്രമിച്ചിരുന്നു.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡിസാന്റിസ് മത്സരിച്ചാൽ അത് പാർട്ടിയേയും ഡിസാന്റിസിനേയും ദോഷം ചെയ്യുമെന്ന് വരെ മുന്നറിയിപ്പ് നൽകി. ഡിസാന്റിസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
നവംബറിലെ മിഡ് ടേം തിരഞ്ഞെടുപ്പിന് മുന്നേ നടന്ന റാലികളിൽ ട്രംപ് ഡിസാന്റിസിനെ പരിഹസിക്കുകയും ചില പ്രചാരണ പരിപാടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |