ടെൽ അവീവ്: ഒക്ടോബർ ഒന്നിലെ ഇറാന്റെ മിസെെൽ ആക്രമണത്തിന് 25-ാം നാൾ ഇസ്രയേലിന്റെ തിരിച്ചടിയുണ്ടായി. ശനിയാഴ്ച പുലർച്ചെ ഇറാന്റെ സെെനിക കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഈ ആക്രമണത്തിന് നേതൃനിരത്തിൽ വനിതാ ഫെെറ്റർ പെെലറ്റുകളും ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേലിന്റെ വ്യോമസേന അംഗങ്ങളായ വനിതകൾ യുദ്ധവിമാനത്തിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങളും ഇസ്രയേൽ പുറത്തുവിട്ടു. മുഖം വ്യക്തമാവാത്ത വിധത്തിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മൂന്ന് വനിതകളെ ചിത്രങ്ങളിൽ കാണാൻ കഴിയും.
ശനിയാഴ്ച നടത്തിയ ദൗത്യത്തെ 'ഡേയ്സ് ഓഫ് റിപെന്റൻസ്' എന്നാണ് ഇസ്രയേൽ പേര് നൽകിയത്. ആക്രമണത്തിൽ രണ്ട് ഇറാൻ സെെനികർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. എഫ് -15, എഫ് - 16 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഈ ടീമിൽ നാല് വനിതകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇറാന്റെ ഇലാം, ഖുസെസ്ഥാൻ, ടെഹ്റാൻ പ്രവിശ്യകളിലെ സെെനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഇറാൻ സെെന്യം പറഞ്ഞു. ഇറാനിൽ വനിതകൾക്ക് എതിരെ നടക്കുന്ന അടിച്ചമർത്തലുകൾക്കുള്ള മറുപടി എന്ന നിലയിൽ ആകാം ഇസ്രയേൽ വനിതാ പെെലറ്റുകളെ നിയോഗിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നത്.
അതേസമയം, തങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ അർഹതയുണ്ടെന്നും ഇസ്രയേൽ ആക്രമണത്തിന് തതുല്യമായ പ്രതികരണം നൽകുമെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന തരത്തിലേക്ക് ഇറാന്റെ തിരിച്ചടി നീങ്ങില്ലെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ വരുത്തിയ നാശനഷ്ടത്തിന്റെ വ്യാപ്തിക്ക് ആനുപാതികമായേ ഇറാൻ തിരിച്ചടിക്കൂ.
ഇസ്രയേലിന്റെ ആക്രമണത്തെ പരാജയം എന്നാണ് ഇറാൻ റെവലൂഷനറി ഗാർഡ് വിശേഷിപ്പിച്ചത്. നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ ഇറാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. വിദേശ മാദ്ധ്യമങ്ങളോട് സഹകരിക്കരുതെന്ന് റെവലൂഷനറി ഗാർഡ് ജനങ്ങളോട് നിർദ്ദേശിച്ചു.
സൈനിക കേന്ദ്രങ്ങളും ആയുധ ഡിപ്പോകളും കേന്ദ്രീകരിച്ച് ഇസ്രയേൽ ആക്രമണം നടത്തിയതിനാൽ ഇറാൻ തീവ്രമായി തിരിച്ചടിച്ചേക്കില്ല. എണ്ണ, ഊർജ്ജ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവയെ ആക്രമിച്ചാലോ ഇറാനിയൻ നേതാക്കളെ വധിച്ചിരുന്നെങ്കിലോ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു. യു.എസിന്റെ ശക്തമായ മുന്നറിയിപ്പുകൾ പരിഗണിച്ചാണ് ഇസ്രയേൽ ആക്രമണത്തിന്റെ തീവ്രത കുറച്ചത്.
The @IDF released some images of the 🇮🇱 Air Force preparing for last night’s successful strike on the Islamic Republic of Iran 🇮🇷.
— Israel ישראל (@Israel) October 26, 2024
Notably, several female pilots took part in this historic mission. pic.twitter.com/nypTB40O31
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |