ലെസ്റ്റർ: ഏഴുകൊല്ലം മുമ്പ് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരായിരുന്ന ലെസ്റ്റർ സിറ്റി ഇത്തവണ മത്സരങ്ങൾ പൂർത്തിയായപ്പോൾ ലീഗിന് പുറത്ത്. അടുത്ത സീസണിൽ ലെസ്റ്റർ സിറ്റിക്ക് രണ്ടാം ഡിവിഷനിൽ പന്തുതട്ടേണ്ടിവരും. ഇത്തവണ പ്രീമിയർ ലീഗിൽ 18-ാം സ്ഥാനത്തായതോടെയാണ് ലെസ്റ്റർ തരം താഴ്ത്തപ്പെട്ടത്.
ലെസ്റ്ററിന് പുറമേ ലീഡ്‌സ് യുണൈറ്റഡ്, സതാംപ്ടൺ എന്നീ ടീമുകളും പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. ലീഡ്സ് 19-ാം സ്ഥാനത്തും സതാംപ്ടൺ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.ഈ മൂന്ന് ടീമുകളുടെ സ്ഥാനത്ത് ബേൺലി, ഷെഫീൽഡ് യുണൈറ്റഡ്, ല്യൂട്ടൺ ടൗൺ എന്നീ ടീമുകൾ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ കളിക്കും.
ജെയ്മി വാർഡി, ഇഹിനാച്ചോ, ടിയലിമാൻസ്, മാഡിസൺ, കാസ്റ്റാഗ്നെ, ഇവാൻസ്, ബാൺസ്, ഡാനി വാർഡ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ലെസ്റ്റർ ഇത്തവണ ആരാധകരെ തീർത്തും നിരാശപ്പെടുത്തി. 38 മത്സരങ്ങളിൽ വെറും ഒൻപത് വിജയം മാത്രമാണ് ടീമിന് നേടാനായത്. ഏഴ് സമനില നേടി. 22 മത്സരങ്ങളിൽ പരാജയപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായശേഷം തരംതാഴ്ത്തപ്പെടുന്ന ചരിത്രത്തിലെ രണ്ടാമത്തെ ടീമാണ് ലെസ്റ്റർ. ബ്ലാക്ക്‌ബേണാണ് ഇത്തരത്തിൽ ആദ്യമായി പുറത്തായ ടീം.
2015-2016 സീസണിലാണ് മുൻനിര ക്ലബ്ബുകളെ അട്ടിമറിച്ചുകൊണ്ട് ലെസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ജെയ്മി വാർഡി, റിയാദ് മഹ്‌റെസ്, എൻഗോളോ കാന്റെ, ഹാരി മഗ്വയർ, തുടങ്ങിയ ലോകോത്തര താരങ്ങളെ വളർത്തിയ ക്ളബാണ് ലെസ്റ്റർ . 2021 എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ തകർത്ത് ലെസ്റ്റർ കിരീടം നേടിയിരുന്നു. ആ കിരീടം നേടിയ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഇപ്പോഴും ടീമിനൊപ്പമുണ്ട്. എന്നിട്ടും ടീം തരം താഴ്ത്തപ്പെട്ടത് ആരാധകരെ ഞെട്ടിച്ചു.
അതേസമയം രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരായാണ് ബേൺലി പ്രിമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. ഷെഫീൽഡ് യുണൈറ്റഡ് രണ്ടാം ഡിവിഷനിൽ റണ്ണർഅപ്പായി. അവശേഷിച്ച ഒരു സ്ഥാനത്തിനായുള്ള പ്ളേ ഓഫ് മത്സരത്തിൽ ജയിച്ചാണ് ല്യൂട്ടൺ മുന്നേറിയത്. ഇംഗ്ളണ്ടിലെ ചെറിയ ടീമുകളിലൊന്നാണ് ല്യൂട്ടൺ. ഇവരുടെ ഹോം ഗ്രൗണ്ടിന് 10356 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഉള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |