തിരുവനന്തപുരം: മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവർക്ക് മാത്രമായുള്ള പാർട്ടിയാണ് മുസ്ളീം ലീഗെന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. മുസ്ളീം ലീഗ് മതേതര പാർട്ടിയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിൽ മുസ്ളീങ്ങൾ മാത്രമാണ് അംഗങ്ങളെന്നും ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഉൾപ്പെടുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
തീവ്രവാദം, മതമൗലികവാദം എന്നിവയിൽ ലീഗ് പ്രതികരിക്കാറില്ല. കേരളം ഐ എസിന്റെ പരീക്ഷണശാലയായിട്ട് പോലും പാർട്ടി എന്ന നിലയിൽ ഒരക്ഷരം പോലും ഉരിയാടിയില്ലെന്നും ബിജെപി നേതാവ് അറിയിച്ചു. കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവില്ലാതെയാണ് രാഹുൽ ഗാന്ധി ലീഗിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതെന്നും അൽഫോൻസ് കണ്ണന്താനം വിമർശിച്ചു.
അതേസമയം മുസ്ളീം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് അമേരിക്കൻ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. മതേതരമല്ലാത്തതായി ഒന്നും ലീഗിലില്ല എന്നായിരുന്നു ന്യൂയോർക്കിൽ മാദ്ധ്യമങ്ങളോട് സംവദിക്കവേ അദ്ദേഹം പറഞ്ഞത്. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്‌തുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
'ഹിന്ദുക്കളുടെ പാർട്ടിയായ ബി ജെ പിയെ വിമർശിച്ച് മതേതരത്തെക്കുറിച്ച് താങ്കൾ സംസാരിച്ചു. എന്നാൽ താങ്കൾ എം പിയായിരുന്ന കേരളത്തിൽ, മുസ്ലീം പാർട്ടിയായ മുസ്ലീം ലീഗുമായി കോൺഗ്രസ് സഖ്യത്തിലാണല്ലോ'- എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. 'മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടിയാണ്. മതേതരമല്ലാത്ത ഒന്നും അതിലില്ല. എനിക്ക് തോന്നുന്നു ചോദ്യം ചോദിച്ചയാൾ മുസ്ലീം ലീഗിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ലെന്ന്.'- രാഹുൽ ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |