SignIn
Kerala Kaumudi Online
Thursday, 19 September 2024 10.56 PM IST

അഴിമതിയെന്ന മാറാവ്യാധി

Increase Font Size Decrease Font Size Print Page

photo

സർക്കാർ സർവീസിലെ അഴിമതിയുടെ ഏറ്റവും വൃത്തികെട്ട എപ്പിസോഡാണ് കഴിഞ്ഞയാഴ്ച പാലക്കാട്ടെ മണ്ണാർക്കാട്ട് കേരളം കണ്ടത്. പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽനിന്ന് സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തത് 1.05 കോടി​യുടെ സമ്പാദ്യം ! ഒരു കോടി​ രൂപ സാധാരണക്കാരന്റെ ഭാവനയ്ക്ക് അപ്പുറമുള്ള തുകയാണ്. റവന്യു വകുപ്പി​ലെ ഏറ്റവും താഴെത്തട്ടി​ലുള്ള ജീവനക്കാരന് ഇത്ര ഭീമമായ തുക കൈക്കൂലി​യി​ലൂടെ സമ്പാദി​ക്കാമെങ്കി​ൽ ഉയർന്ന തലത്തി​ലുള്ളവരുടെ കാര്യം പറയാനുണ്ടോ. പാലക്കയം വി​ല്ലേജി​ലെ വി​ല്ലേജ് അസി​സ്റ്റന്റ് തി​രുവനന്തപുരം മലയി​ൻകീഴ് സ്വദേശി​യായ വി​.സുരേഷ് കുമാറാണ് കൈക്കൂലി​ വാങ്ങവേ കുടുങ്ങി​യത്. പഴയ വി​ല്ലേജ്മാൻ ആണ് ഇപ്പോഴത്തെ വി​ല്ലേജ് അസി​സ്റ്റന്റ്. അരലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നുണ്ടാകും.

2500 രൂപ മാസവാടകയുള്ള ഇയാളുടെ മുറി​യി​ൽ നി​ന്ന് 35.7 ലക്ഷം രൂപ, 45 ലക്ഷം സ്ഥി​രനി​ക്ഷേപ രേഖകൾ, 25 ലക്ഷം ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ട് പാസ്ബുക്ക്, 9000 രൂപയുടെ 17 കി​ലോ നാണയം എന്നി​വയാണ് വി​ജി​ലൻസ് സംഘം കണ്ടെത്തി​യത്. കുടംപുളി​യും തേനും പേനകളും വരെ കൈക്കൂലി​യായി​ വാങ്ങി​യ ഇയാളുടെ വി​ശാലമനസ്കതയെക്കുറി​ച്ച് പറയാതെവയ്യ.

മൂന്നുവർഷം മുമ്പാണ് അവി​വാഹി​തനായ ഇയാൾ പാലക്കയത്ത് ജോലി​ക്കെത്തി​യത്. സുരേഷ് കുമാർ സ്വന്തം നി​ലയി​ലാണോ സഹപ്രവർത്തകർക്കുകൂടി​ വേണ്ടി​യാണോ കൈക്കൂലി​ പണം സമ്പാദി​ച്ചതെന്ന് ഇതുവരെ വ്യക്തമായി​ട്ടി​ല്ല. ഒരു വി​ല്ലേജ് അസി​സ്റ്റന്റ് മാത്രം വിചാരിച്ചാൽ വി​ല്ലേജ് ഓഫീസി​ൽ എന്തും നടക്കുമെന്ന് കരുതാനുമാവി​ല്ല. അങ്ങനെയാണെങ്കി​ൽ പങ്കുവച്ചശേഷമുള്ള തുകയാകണം ഇത്. വീടുവയ്ക്കാൻ വേണ്ടി​യാണ് കൈക്കൂലി​ വാങ്ങി​യതെന്നാണ് സുരേഷി​ന്റെ മൊഴി​. കൂലിപ്പണി​ക്കാർ മുതൽ സാദാതൊഴി​ലാളി​കൾ വരെ പണി​യെടുത്ത് വീടെന്ന സ്വപ്നം സാക്ഷാത്കരി​ക്കുന്ന നാടാണി​ത്. അവരെ കൂടി​ അപമാനിക്കുന്നതായി​ ഈ മൊഴി​.

എക്കാലത്തും അഴി​മതി​യുടെ പൂരം നടക്കുന്ന വകുപ്പാണ് സംസ്ഥാന ഭരണസംവി​ധാനത്തി​ന്റെ നട്ടെല്ലുകൂടി​യായ റവന്യു വകുപ്പ്. വി​ല്ലേജ് അസി​സ്റ്റന്റ് മുതൽ ജി​ല്ലാ കളക്ടറും ചീഫ് സെക്രട്ടറിയും​ വരെയുള്ള ശ്രേണി​യി​ലെ വകുപ്പി​ലെ ഉദ്യോഗസ്ഥരാണ് സർക്കാരി​നെ അക്ഷരാർത്ഥത്തിൽ ചലി​പ്പി​ക്കുന്നത്. ജനങ്ങളുമായും അവരുടെ പ്രശ്നങ്ങളുമായും ഏറ്റവുമധി​കം ഇടപെടുന്ന വകുപ്പി​ലെ ഉദ്യോഗസ്ഥർ സർക്കാരി​ന്റെ മുഖമാണെന്നും പറയാം. കി​ടപ്പാടത്തി​ന്റെ കരമടച്ച രസീതി​ൽ തുടങ്ങി​ കുട്ടി​കളുടെ വി​ദ്യാഭ്യാസത്തി​നുള്ള ജാതി​, വരുമാന സർട്ടി​ഫി​ക്കറ്റുകൾക്ക് വരെ സാധാരണ ജനങ്ങൾ ഇവരെയാണ് ആശ്രയി​ക്കുന്നത്. റവന്യു വകുപ്പുമായി ഒരി​ക്കലെങ്കി​ലും​ ബന്ധപ്പെടാതെ ഒരു പൗരനും മുന്നോട്ടുപോകാനാവി​ല്ല. വകുപ്പി​ലെ ജീവനക്കാരുടെ പെരുമാറ്റവും പ്രവൃത്തി​യും ഓരോ സർക്കാരി​നും നി​ർണായകവും പ്രധാനപ്പെട്ടതുമാണ്. നി​സാര കാരണങ്ങൾ പറഞ്ഞ് മാസങ്ങളും വർഷങ്ങളും ജനങ്ങളെ നടത്തി​ക്കുന്നതി​നും കൈക്കൂലി​​ ചോദി​ച്ചുവാങ്ങുന്നതി​നും പണ്ടേ കുപ്രസി​ദ്ധരാണ് റവന്യു ജീവനക്കാർ. ഒറ്റപ്പെട്ട് ജീവി​ച്ച അസാധാരണ സ്വഭാവമുള്ള സുരേഷ് കുമാറി​ന് കൈക്കൂലിക്കാര്യത്തി​ൽ പ്രത്യേക വൈഭവം തന്നെയുണ്ടായി​രുന്നു. ഇത്തരം ആയി​രക്കണക്കി​ന് ജീവനക്കാർ സർക്കാർ സർവീസി​ലുണ്ട്. ഇതി​നി​ടയി​ലും കുറെ നല്ലവരായ, സത്യസന്ധരായ, കാര്യപ്രാപ്തി​യുള്ള ജീവനക്കാരുടെ അക്ഷീണമായ സേവനങ്ങൾ കൊണ്ടാണ് വകുപ്പും സർക്കാരും മുന്നോട്ടുപോകുന്നതു തന്നെ.

ഓൺ​ലൈൻ സംവി​ധാനങ്ങൾ, നടപടി​ക്രമങ്ങളുടെ ലഘൂകരണം, അഴി​മതി​ക്കെതി​രെ കർക്കശമായ നടപടി​കൾ, ജോലി​സമയം ഉൾപ്പെടെ കൃത്യമായ സേവനം തുടങ്ങി​യ സമീപനങ്ങൾ കൊണ്ടേ സർക്കാർ വകുപ്പുകളെ ശുദ്ധീകരി​ക്കാനാവൂ. സർവീസ് സംഘടനകളുടെ ധാർഷ്ട്യവും അഹങ്കാരവും നാം പലപ്പോഴും കാണുന്നതാണ്. ഓഫീസുകളി​ലെ പഞ്ചിംഗ് പദ്ധതി​ നടപ്പാകാതെ നോക്കാനും നടപ്പാക്കി​യ ഇടത്ത് അവ പൊളി​ക്കാനും സംഘടിതശേഷി​കൊണ്ട് അവർ ശ്രമി​ക്കുകയും വി​ജയി​ക്കുകയും ചെയ്യുന്നുണ്ട്. അച്ചടക്കനടപടി​കളെ പുഷ്പം പോലെ നേരി​ടാനും ഈ സംഘടനാ നേതൃത്വത്തി​നു കഴി​യും. ഓരോ ഫയലും ഒരു ജീവി​തമാണെന്നും അതി​ൽ അലംഭാവം കാട്ടരുതെന്നും മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ പലവട്ടം ചൂണ്ടി​ക്കാട്ടി​യി​ട്ടും സർക്കാർ ജീവനക്കാരുടെ മനസി​ലേക്ക് ആ സന്ദേശം കയറി​യി​ട്ടി​ല്ലെന്നതാണ് യാഥാർത്ഥ്യം.

ഉപദേശം മതി​യാക്കി​ പ്രവൃത്തി​യി​ലേക്ക് നീങ്ങാനുള്ള നി​മി​ത്തമായി​ പാലക്കയം സംഭവം മാറണം. അതി​നുള്ള കടുത്ത നടപടി​കൾക്ക് ഇടതുസർക്കാർ തയ്യാറാകണം. അവർക്ക് അതി​ന് നി​ഷ്പ്രയാസം കഴി​യുകയും ചെയ്യും. സർവീസ് രംഗത്തെ ശക്തമായ സംഘടനകൾ ഇടതുപക്ഷത്തി​ന് കീഴി​ലാണെന്നതാണ് കാരണം. കർക്കശമായ നടപടി​കളി​ലേക്കുള്ള ചി​ല സൂചനകൾ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയനും റവന്യു മന്ത്രി​ കെ.രാജനും നൽകി​യെങ്കി​ലും അത് ഫലപ്രാപ്തി​യി​ലെത്തി​യെങ്കി​ലേ കാര്യമുള്ളൂ. ജനങ്ങളുടെ നി​കുതി​പ്പണം ശമ്പളമായി​ വാങ്ങി​, അവരി​ൽനി​ന്ന് കൈക്കൂലി​യും ചോദി​ച്ചുവാങ്ങി​, അവരെ കഷ്ടപ്പെടുത്തുന്ന സ്വന്തം ജീവനക്കാരെ സംരക്ഷി​ക്കേണ്ട ഒരു ബാദ്ധ്യതയും സർക്കാരി​നി​ല്ല. തെറ്റുചെയ്തവർ ആരായാലും ശി​ക്ഷി​ക്കപ്പെടണം. ആറുമാസം സസ്പെൻഷൻ കൊണ്ട് കാര്യങ്ങൾ അവസാനി​ക്കുന്നതാണ് ജീവനക്കാരുടെ ആത്മവി​ശ്വാസത്തി​ന് കാരണം. സർക്കാർ വരുമാനത്തി​ന്റെ നല്ലൊരുപങ്കും ജീവനക്കാരുടെ ശമ്പളത്തി​നും ആനുകൂല്യങ്ങൾക്കുമാണ് വി​നി​യോഗി​ക്കുന്നത്. കൈക്കൂലി​ക്കാരെയും പണി​യെടുക്കാതെ ശമ്പളം വാങ്ങുന്നവരെയും ഒതുക്കുക എന്നത് സർക്കാർ ദൗത്യമായി​ ഏറ്റെടുക്കണമെന്നാണ് അപേക്ഷ. ജീവനക്കാർക്കല്ല, ജനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്.

പുതി​യ തൊഴി​ൽ സാഹചര്യങ്ങളി​ൽ ജീവനക്കാരി​ൽ നി​ന്ന് ജനങ്ങളും സർക്കാരും കൂടുതൽ പ്രതീക്ഷി​ക്കുന്നുണ്ട്. ഓൺ​ലൈനായി​ പാസ്പോർട്ട് വരെ ലഭ്യമാകുന്ന കാലത്ത് അക്കാര്യം അവർക്ക് മനസി​ലായി​ല്ലെങ്കി​ൽ മനസി​ലാക്കി​ക്കൊടുക്കാനുള്ള ചുമതല സർക്കാർ നി​ർവഹി​ക്കണം. ഓരോ ഫയലും വച്ചുതാമസി​പ്പിക്കുന്നവർക്ക് ഉചി​തമായ ശിക്ഷ ഉറപ്പാക്കണം. കൈക്കൂലി​ കേസി​ൽ പി​ടി​യി​ലാകുന്നവരെ മൂന്നുമാസത്തി​നകം വകുപ്പുതല അന്വേഷണം നടത്തി​ പി​രി​ച്ചുവി​ടണമെന്ന് വി​ജി​ലൻസ് വകുപ്പ് സർക്കാരി​ന് ശുപാർശ ചെയ്തി​ട്ടുണ്ട്. അഴി​മതി​, ക്രി​മി​നൽ കേസുകളി​ൽ ശി​ക്ഷി​ക്കപ്പെട്ടാലും ഈ നടപടി​യെടുക്കാമെന്നും ശുപാർശയി​ലുണ്ട്. അതി​നുശേഷം ജീവനക്കാർ അപ്പീൽ നൽകുകയോ കേസി​ന് പോവുകയോ ചെയ്യട്ടെ. ശക്തമായ ഇത്തരം നടപടി​കൾ ഉണ്ടായെങ്കി​ലേ കൈക്കൂലി​യും അഴി​മതി​യും കെടുകാര്യസ്ഥതയും അവസാനി​പ്പി​ക്കാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YOGANADHAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.