പാരീസ് : മൂന്നാം സീഡായി മത്സരിക്കാനിറങ്ങിയ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പെറു താരം യുവാൻ പാബ്ളോ വിരിയസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നൊവാക്ക് തോൽപ്പിച്ചത്. സ്കോർ : 6-3,6-2,6-2. തന്റെ കരിയറിലെ 17-ാം ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലാണ് നൊവാക്ക് ഇടംപിടിച്ചത്.
പുരുഷ വിഭാഗത്തിൽ റഷ്യക്കാരനായ കാരൻ ഖചാനോവും ക്വാർട്ടറിലെത്തിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ താരം സൊനേഗോയെ നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് ഖചാനോവ് മറികടന്നത്. ആദ്യ സെറ്റ് കൈവിട്ടശേഷമായിരുന്നു റഷ്യൻ താരത്തിന്റെ തിരിച്ചുവരവ്. സ്കോർ : 1-6,6-4,7-6,6-1.
വനിതാ വിഭാഗത്തിൽ റഷ്യക്കാരി അനസ്താസ്യ പാവ്ലുചെങ്കോവയും ചെക്ക് റിബപ്പ്ളിക്ക് താരം കരോളിന മുചോവയും ക്വാർട്ടറിലെത്തിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ പാവ്ലുചെങ്കോവ 3-6,7-6,6-3ന് ബെൽജിയത്തിന്റെ എലിസ് മെർട്ടൻസിനെയാണ് തോൽപ്പിച്ചത്. മുചോവ പ്രീ ക്വാർട്ടറിൽ 6-4,6-3ന് അവനേസ്യാനെ കീഴടക്കിയാണ് അവസാന എട്ടിലേക്ക് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |