ന്യൂയോർക്ക് : തന്റെ നീളമേറിയ നാവിലൂടെ ലോക റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് യു.എസിലെ ലൂസിയാനയിൽ നിന്നുള്ള സോയി എന്ന നായ. ലാബ്രഡോർ - ജർമ്മൻ ഷെപേഡ് മിക്സ് ഇനത്തിലെ നായയായ സോയിയുടെ നാവിന്റെ നീളം 12.7 സെന്റീമീറ്ററാണ്.
ഇതോടെ ലോകത്തെ ഏറ്റവും നീളമേറിയ നാവുള്ള നായയെന്ന ഗിന്നസ് ലോക റെക്കാഡ് മൂന്ന് വയസുള്ള സോയിക്ക് സ്വന്തമായി. 9.49 സെന്റീമീറ്റർ നീളമുള്ള നാവോട് കൂടിയ ബിസ്ബീ എന്ന നായയുടെ റെക്കാഡാണ് സോയി മറികടന്നത്.
ആറ് ആഴ്ച പ്രായമുള്ളപ്പോഴാണ് സോയിയെ ഉടമകളായ സാഡി വില്യംസിനും ഡ്രൂ വില്യംസിനും ലഭിച്ചത്. കുട്ടിയായിരിക്കുമ്പോൾ എപ്പോഴും സോയിയുടെ നാവ് പുറത്തേക്ക് കാണാമായിരുന്നെന്ന് ഉടമകൾ പറയുന്നു. ഫോട്ടോയെടുക്കുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ നാവ് പുറത്തായിരുന്നു. ഇതോടെയാണ് സോയിയുടെ പ്രത്യേകത ഉടമകളുടെ ശ്രദ്ധയിൽപ്പെട്ടത്.
വൈകാതെ നാട്ടുകാർക്കിടെയിലും സോയി ഒരു സ്റ്റാറായി മാറി. പുറത്തുപോകാനും ബോൾ വച്ച് കളിക്കാനും പാർക്കിൽ അണ്ണാന് പിന്നാലെ പായാനും കാറിൽ സഞ്ചരിക്കാനുമൊക്കെ സോയിക്ക് വളരെയേറെ ഇഷ്ടമാണ്. നീന്തുന്നതും സോയിയുടെ പ്രധാന ഹോബിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |