ചവറ: ആഴക്കടൽ മത്സ്യബന്ധനത്തിന് ജോനകപ്പുറം മൂതാക്കര മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് മുഖ്യമന്ത്രി നൽകിയ സെന്റ് ആന്റണി ബോട്ടിന് ചാകര. കഴിഞ്ഞ 29ന് രാത്രിയിൽ ആദ്യമായി മത്സ്യബന്ധന് പോയ ബോട്ട് നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് നീണ്ടകര തുറമുഖത്തെത്തിയത്. നാല് ലക്ഷം രൂപയുടെ മത്സ്യമാണ് വിറ്റുപോയത്. 16 അംഗ സംഘമാണ് കടലിൽ പോയത്.
കാലാവസ്ഥ വ്യതിയാനം മൂലം രണ്ടുദിവസം വേണ്ടത്ര പണി ലഭിച്ചില്ലെങ്കിലും അവസാന രണ്ട് നാളാണ് കോള് ലഭിച്ചത്. വേളപ്പാര, വറ്റപ്പാര, വറ്റ, അമൂർ, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. വേളപ്പാരയ്ക്ക് മാത്രം മൂന്നുലക്ഷം രൂപയോളം വില ലഭിച്ചു. ഒരു കിലോ വേളപ്പാര 440 രൂപയ്ക്കാണ് ലേലത്തിൽ പോയത്. മത്സ്യഫെഡാണ് ലേലം പിടിച്ചത്. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരന് തൊഴിലാളികൾ ചേർന്ന് മത്സ്യം കൈമാറി.
നല്ല കോള് ലഭിച്ചതിൽ സന്തോഷമുണ്ട്. ഇനി ട്രോളിംഗ് നിരോധനത്തിന് ശേഷമേ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകൂ. ഷിബു, മത്സ്യത്തൊഴിലാളി, ജോനകപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |