ന്യൂഡൽഹി: കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സി.ബി.ഐയെ ട്രെയിൻ ദുരന്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ നിയോഗിക്കുന്നത് പാഴ്വേലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
റെയിൽവേ സുരക്ഷ, സിഗ്നലിംഗ്, അറ്റകുറ്റപ്പണികൾ എന്നിവയിലെ പിഴവുകൾ സി.ബി.ഐയ്‌ക്ക് കണ്ടെത്താനാകില്ല. 2016ൽ 150 പേർ മരിച്ച കാൺപൂരിൽ ട്രെയിൻ ദുരന്തം അന്വേഷിക്കാൻ എൻ.ഐ.എയെ നിയോഗിച്ചെങ്കിലും ഒന്നും നടന്നില്ല.
സർക്കാരിന് പ്രശ്നങ്ങൾ പരിഹരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ റൂട്ടുകളിൽ നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് മുൻഗണന നൽകണം. അപകടങ്ങൾ ആവർത്തിക്കരുത്.
2017നുശേഷം നടന്ന 10 ട്രെയിൻ അപകടങ്ങളിൽ ഏഴെണ്ണവും പാളം തെറ്റിയാണ് സംഭവിച്ചതെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രീയ റെയിൽ സംരക്ഷണ കോർപ്പിനുള്ള ധനസഹായം 79 ശതമാനം കുറച്ചതായും സി.എ.ജി റിപ്പോർട്ടിലുണ്ട്.
ലോക്കോ പൈലറ്റുമാരടക്കം അമിതജോലി ചെയ്യേണ്ടി വരുന്നത് അപകടങ്ങൾക്ക് വഴി തെളിക്കും. റെയിൽവേയിൽ മൂന്നു ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |