ബാലസോർ:ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ചിരുന്ന സ്കൂൾ കെട്ടിടം പൊളിക്കുന്നു. ഈ ക്ളാസ് മുറികളിൽ ഇരുന്ന് പഠിക്കാൻ തയ്യാറല്ലെന്ന് ചില വിദ്യാർത്ഥികളും, മക്കളെ അയയ്ക്കില്ലെന്ന് രക്ഷിതാക്കളും തീരുമാനിച്ചതോടെയാണ് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. വേനലവധി കഴിഞ്ഞ് ഈമാസം 19നാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുക.
ബഹനാഗ നോഡൽ സ്കൂളിലെ ഒരു ഹാളിലും ആറ് ക്ളാസ് മുറികളിലുമായാണ് 250-ഓളം മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. അപകടം ഉണ്ടായ സ്ഥലത്തിന് കഷ്ടിച്ച് അഞ്ഞൂറുമീറ്റർ അകലെയാണ് സ്കൂൾ. മാത്രമല്ല ഇത്രയും മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള മറ്റുകേന്ദ്രങ്ങൾ അടുത്തെങ്ങുമുണ്ടായിരുന്നില്ല. അതിനാൽ ഇവിടെത്തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കെട്ടിടം മുഴുവൻ കഴുകി വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു. അതിനാൽ ഒരുതരത്തിലുള്ള ഭീതിയും വേണ്ടെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ ഇത് ഉൾക്കൊള്ളാൻ കൂടുതൽപേരും തയ്യാറായിട്ടില്ല. പ്രേതബാധയടക്കം ഉണ്ടാകുമെന്ന് ഇവർ ഭയക്കുന്നുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങൾ മാറ്റിയെടുക്കാൻ ജില്ലാ ഭരണകൂടം ഉൾപ്പെടെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. അറുപത്തഞ്ചുവർഷമായി പ്രവർത്തിക്കുന്നതാണ് ബഹനാഗ നോഡൽ സ്കൂൾ. കാമ്പസിൽ ഏറെ പഴക്കമുള്ള,ആസ്ബറ്റോസ് ഷീറ്റിട്ട കെട്ടിടങ്ങൾ പൊളിക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |