തൃക്കരിപ്പൂർ: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കരിന്തളം ഗവ.കോളേജിൽ ഗസ്റ്റ് അദ്ധ്യാപിക ആവുകയും അട്ടപ്പാടി ഗവ.കോളേജിൽ ജോലിക്ക് ശ്രമിക്കുകയും ചെയ്ത തൃക്കരിപ്പൂർ മണിയനൊടി സ്വദേശി കെ. വിദ്യയെ തേടി നീലേശ്വരം, അഗളി പൊലീസ് സംഘങ്ങൾ എത്തിയെങ്കിലും കണ്ടെത്താനായില്ല. പൂട്ടിയ നിലയിൽ കണ്ട വീട് പൊലീസ് സംഘം തുറന്നു പരിശോധിച്ചു.
രാവിലെ 11 മണിയോടെ നീലേശ്വരം പൊലീസാണ് ആദ്യം എത്തിയത്. വീട് പൂട്ടിയിട്ട നിലയിൽ കണ്ടതോടെ സംഘം തിരിച്ചുപോയി. പിന്നാലെ വീട് സെർച്ച് ചെയ്യുന്നതിനുള്ള വാറണ്ടുമായി അഗളി പൊലീസ് ഇൻസ്പെക്ടർ സലീമിന്റെ നേതൃത്വത്തിൽ വനിതാ പൊലീസടക്കം എത്തി. അയൽവാസികളോടും നാട്ടുകാരോടും വീട്ടുകാരെക്കുറിച്ച് തിരക്കിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ, വീടിന്റെ താക്കോൽ തൊട്ടടുത്തുള്ള വിദ്യയുടെ പിതൃസഹോദരിയുടെ വീട്ടിലുണ്ടെന്ന് മനസിലാക്കി. താക്കോൽ വാങ്ങിയ പൊലീസ് സംഘം വാതിൽ തുറന്ന് ഒന്നര മണിക്കൂറോളം പരിശോധന നടത്തി.
വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ജോലി ചെയ്ത കരിന്തളം ഗവ.കോളേജിൽ കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസെത്തി പ്രിൻസിപ്പൽ ജെയ്സൻ വി.ജോസിൽ നിന്ന് തെളിവെടുത്തിരുന്നു.
കരിന്തളം കോളേജിൽ വിദ്യയുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങളിൽനിന്നും പൊലീസ് തെളിവെടുക്കും. ഒളിവിൽ കഴിയുന്ന വിദ്യ എറണാകുളത്തെ ഒരു പ്രമുഖ അഭിഭാഷകൻ മുഖാന്തരം മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |