ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ‌്‌തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ ഈ മാസം നടക്കേണ്ട ഏഷ്യൻ ഗെയിംസ് ട്രയൽസ് ബഹിഷ്‌കരിക്കുമെന്ന് സാക്ഷി മാലിക് പറഞ്ഞു. ജൂൺ 15നകം ബ്രിജ്ഭൂഷണിനെതിരെ നടപടിയുണ്ടാകുമെന്ന കേന്ദ്രസർക്കാർ ഉറപ്പിന്റെ പശ്‌ചാത്തലത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഹരിയാനയിലെ സോണിപത്തിൽ ചേർന്ന ഖാപ് മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സാക്ഷി നിലപാട് വ്യക്തമാക്കിയത്.
ഗുസ്തിതാരങ്ങൾ ഓരോ ദിവസവും എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ആർക്കുമറിയില്ല. ബ്രിജ്ഭൂഷണിനെതിരെ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാലേ ഞങ്ങൾ ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കൂ. ഇതെല്ലാം മാനസികമായി എത്രമാത്രം തളർച്ചയുണ്ടാക്കുന്നുവെന്നും ഞങ്ങൾ ദിവസവും എന്താണ് അനുഭവിക്കുന്നതെന്നും ആർക്കും മനസിലാകില്ലെന്നും സാക്ഷി ചൂണ്ടിക്കാട്ടി.
പൊലീസ് അന്വേഷണം പൂർത്തിയാകാൻ സർക്കാർ ജൂൺ 15 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ സമരമുണ്ടാകില്ല. എന്നാൽ ബ്രിജ്ഭൂഷണിനെതിരായ പ്രതിഷേധം തുടരും. സർക്കാർ നിർദ്ദേശങ്ങൾ കർഷക സംഘടനകൾ, മഹിളാ സംഘടനകൾ തുടങ്ങി തങ്ങളെ പിന്തുണയ്‌ക്കുന്നവരുമായി ചർച്ച ചെയ്യുമെന്നും സാക്ഷി പറഞ്ഞു.
2023 സെപ്തംബർ 23 മുതൽ ഒക്ടോബർ എട്ടു വരെ ചൈനയിലെ ഗാങ്‌ഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ട്രയൽസ് ഈമാസം നടക്കാനിരിക്കെയാണ് ഗുസ്‌തി താരങ്ങൾ ഭീഷണിയുയർത്തുന്നത്. ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാൻ ട്രയൽസിൽ പങ്കെടുക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |