നോയ്ഡ: സെപ്തംബറിൽ സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ മെഡൽ ജേതാവായ മീരാഭായ് ചാനു വീണ്ടും ഇന്ത്യൻ വെല്ലുവിളികൾക്ക് നേതൃത്വം നൽകും.
ചാനുവിന്(49 കി.ഗ്രാം) പുറമെ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ ബിന്ദ്യാറാണി ദേവി (55 കി.ഗ്രാം),അചിന്ത ഷീലി (73 കി.ഗ്രാം),ശുഭം തോഡ്കർ(61 കി.ഗ്രാം),നാരായണ അജിത്ത് (73 കി.ഗ്രാം) എന്നിവരും മത്സരിക്കും. തോഡ്കർ ഒഴികെയുളള എല്ലാവരും ഏഷ്യൻ ഗെയിംസിലും മത്സരിക്കും. മേയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം ചാനുവിന്റെ ആദ്യ മത്സരമാണിത്. ചാനുവും ബിന്ദ്യാറാണിയും ഇപ്പോൾ യു.എസിലെ സെന്റ് ലൂയിസിൽ 65 ദിവസത്തെ പരിശീലനത്തിലാണ്.
ലോക ചാമ്പ്യൻഷിപ്പ് സാധാരണയായി നവംബർ,ഡിസംബർ മാസങ്ങളിലാണ് നടക്കാറ്,എന്നാൽ ഇക്കുറിയത് സെപ്തംബറിലാണ്. പിന്നാലെ 20 ദിവസത്തിനകം ഏഷ്യൻ ഗെയിംസും ആരംഭിക്കും. ഇത് താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയാണ് ചാനു മടങ്ങിയത്. ഏഷ്യൻ ഗെയിംസിൽ മാത്രമാണ് ചാനുവിന് മെഡൽ നേടാനാവാത്തത്. അതിനാൽ ഇക്കുറി മെഡൽ നേടാനുറച്ചാണ് താരം ഇറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |