തിരുവനന്തപുരം: ചിന്നക്കനാലിൽ നിന്ന് പിടികൂടി കളക്കാട് മുണ്ടൻ തുറെെ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടാനയ്ക്ക് വേണ്ടി വിനായക ചതുർത്ഥി ദിനത്തിൽ പ്രത്യേക പൂജയും വഴിപാടും. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു ആനയ്ക്ക് വേണ്ടി അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂജ നടത്തിയത്. ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയായിരുന്നു വഴിപാട്. കൂടാതെ അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി.
അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ 'അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനും നീതിയ്ക്കും വേണ്ടി പഴവങ്ങാടി ഗണപതി സന്നിധിയിൽ കൂട്ടപ്രാർത്ഥനയും നാളികേരം ഉടയ്ക്കലും' എന്നെഴുതിയ ഫ്ലക്സുമായാണ് അരിക്കൊമ്പൻ ഫാൻസ് ക്ഷേത്രത്തിലെത്തിയത്.
വാവ സുരേഷ് അടക്കമുള്ളവർ പ്രാർത്ഥനയിലും പ്രതിഷേധത്തിലും പങ്കെടുത്തു. അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്തിക്കാൻ സംസ്ഥാനമാകെ പ്രവർത്തനങ്ങളാരംഭിക്കുമെന്ന് വാവ സുരേഷ് പറഞ്ഞു. അരിക്കൊമ്പൻ ജീവിച്ചിരിക്കണമെന്നും അതിനെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരിക്കൊമ്പൻ ആനക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന ചിത്രങ്ങൾ യഥാർത്ഥമല്ല. ആനയുടെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കണമെന്നും അരിക്കൊമ്പൻ ഫാൻസ് അസോസിയേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |