കോവളം: വീടിനു സമീപം മദ്യപിച്ചത് ചോദ്യം ചെയ്ത വിദേശിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യവെ തിരുവല്ലം പൊലീസ് ജീപ്പിന്റെ ഗ്ളാസ് പ്രതി തകർത്തു. തിങ്കളാഴ്ച വൈകിട്ടോടെ പാച്ചല്ലൂർ പൊഴിക്കര ഭാഗത്ത് മലയിൻകീഴ് വിളവൂർക്കൽ കുഴിവിള അനന്തു ഭവനിൽ അച്ചു എന്ന അഖിലേഷ് (22) സുഹൃത്തുമായി ബൈക്കിലെത്തി പ്രദേശത്ത് താമസിക്കുന്ന വിദേശിയുടെ വീടിന് സമീപത്തിരുന്ന് മദ്യപിച്ചു. ഇതുകണ്ട വിദേശി ഇരുവരെയും ചോദ്യം ചെയ്തതിനെ തുടർന്ന് വിദേശിയെ കല്ലെടുത്ത് എറിയുകയും ആയുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഇരുവരും ബൈക്കിൽ കടന്നുകളഞ്ഞു. വിദേശിയുടെ പരാതിയെ തുടർന്ന് തിരുവല്ലം പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ രാത്രിയോടെ മലയിൻകീഴിലെ വീടിനു സമീപത്തു നിന്ന് പ്രതിയെ കണ്ടെത്തി. പൊലീസിനെ കണ്ടയുടൻ അക്രമാസക്തനായ ഇയാൾ കരിങ്കല്ലുകൊണ്ട് പൊലീസ് ജീപ്പിന്റെ മുൻവശത്തെയും പിൻഭാഗത്തെയും ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |